ഓസ്ട്രേലിയയിലെ തിരക്കേറിയ ഹൈവേയിൽ അസാധാരണമായി ഒരു വാഹനം ഒതുക്കി നിർത്തിയപ്പോൾ തന്നെ പൊലീസിനു മനസ്സിലായി കാര്യമായ എന്തോ പ്രശ്നമുണ്ടെന്ന്. പെട്ടെന്നു തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് വാഹനമോടിക്കുന്നതിനിടയിൽ ആക്രമിക്കാനെത്തിയ വിഷപ്പാമ്പുമായുള്ള പോരാട്ടത്തിനൊടുവിലാണ് വാഹനം ഹൈവേയിൽ നിർത്തിയതെന്ന് വ്യക്തമായത്.

ക്വീൻഡ്‌ലൻഡിലെ ഡോവ്സൺ ഹൈവേയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ജിമ്മി എന്ന യുവാവാണ് ഹാഹനമോടിക്കുന്നതിനിടയിൽ വിഷപ്പാമ്പുമായി ഏറ്റുമുട്ടിയത്. വാഹനമോടിക്കുന്നതിനിടയിൽ ബ്രേക്കിൽ കാലമർത്തിയപ്പോഴാണ് വിഷപ്പാമ്പ് ജിമ്മിയുടെ കാലിൽ ചുറ്റിയത്. കാലിൽ ചുറ്റി മുകളിലേക്ക് കയറിയ പാമ്പ് സീറ്റിനരികിലേക്ക് തലനീട്ടി. ആക്രമിക്കാനെത്തിയ പാമ്പിനെ സീറ്റ് ബെൽറ്റും സമീപത്തിരുന്ന ചെറിയ കത്തിയുമുപയോഗിച്ചാണ് ജിമ്മി നേരിട്ടത്. പാമ്പ് കടിച്ചെന്നാണ് ജിമ്മി കരുതിയത്. അതുകൊണ്ട് തന്നെ പാമ്പിനെ കൊന്ന് വേഗം തന്നെ ആശുപത്രിയിലെത്താനായിരുന്നു തീരുമാനം. പാമ്പിനെ കൊല്ലാതെ മറ്റു മാർഗമില്ലായിരുന്നുവെന്നും ജിമ്മി പൊലീസിനോട് വ്യക്തമാക്കി.

ഓസ്ട്രേലിയയിലെ കടുത്ത വിഷപ്പാമ്പുകളിൽ ഒന്നായ ഈസ്റ്റേൺ ബ്രൗൺ സ്നേക്കാണ് ജിമ്മിലെ ആക്രമിച്ചത്. ഓസ്ട്രേലിയിൽ പാമ്പുകടിയേറ്റ് മരിക്കുന്നവരിലേറെയും  ഈസ്റ്റേൺ ബ്രൗൺ സ്നേക്കിന്റെ കടിയേറ്റാണ്. സംഭവസ്ഥലത്തെത്തിയ പൊലീസ് പെട്ടെന്നു തന്നെ ജിമ്മിക്ക് മെ‍ഡിക്കൽ സഹായമെത്തിച്ചു. ജിമ്മിക്ക് പാമ്പ് കടിയേറ്റിടട്ടില്ലെന്ന് വിദഗ്ദ്ധ പരിശോധനയിൽ വ്യക്തമായി. എന്നാൽ സംഭവം വന്നാതെ മനസ്സിനെ ഭയപ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. 2018 ലും സമാനമായ സംഭവും ന്യൂ സൗത്ത് വെയ്ൽസിൽ നടന്നിരുന്നു. അന്ന് വാഹനമോടിക്കുന്നതിനിടയിൽ റെഡ് ബെല്ലി ബ്ലാക്ക് സ്നേക്ക് ബോണറ്റിനിടയിൽ നിന്ന് പുറത്തുവരികയായിരുന്നു.

English Summary: In Terrifying Encounter, Man Fights Off Deadly Snake While Driving