196–ാം രാജവെമ്പാലയെയും പിടിച്ച് വാവ സുരേഷ്. പത്താം തീയതി രാത്രി 9 മണിയോടെയാണ് പത്തനംതിട്ട ജില്ലയിലെ കോന്നി ഫോറസ്റ്റ് ഡിവിഷനു കീഴിൽ തണ്ണിത്തോട് സ്റ്റേഷൻ പരിധിയിൽ വരുന്ന വൈയ്യാറ്റുപുഴയിലെ ബാബുവിന്റെ വീട്ടുപരിസരത്തു നിന്ന് പാമ്പിനെ പിടികൂടിയത്. എട്ടടിയോളം നീളമുള്ള പെൺ രാജവെമ്പാലയായിരുന്നു ഇത്. പിടികൂടിയ പാമ്പിനെ പിന്നീട് തണ്ണിത്തോട് ഡിവിഷനിലെ ഫോറസ്റ്റ് ഓഫീസർമാരുടെ സാന്നിധ്യത്തിൽ രാത്രി 12 മണിയോടെ ഉൾവനത്തിൽ തുറന്നു വിട്ടു. കഴിഞ്ഞ മാസം ഇരുപതാം തീയതിയാണ് കൊല്ലം ജില്ലയിൽ കുളത്തുപ്പുഴയ്ക്കടുത്ത് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് നിന്നു 195–ാം രാജവെമ്പാലയെ പിടികൂടിയത്.

രാജവെമ്പാല

ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയ്ക്ക് ഒരു മനുഷ്യനെ കൊല്ലാൻ ആവശ്യമായതിന്റെ പത്തിരട്ടി വിഷം സ്രവിപ്പിക്കാൻ കഴിയും.  എല്ലാ കടികളും മരണത്തിനു കാരണമാവാൻ സാധ്യതയുണ്ട്. പക്ഷേ, രാജവെമ്പാല കടിച്ച സംഭവങ്ങൾ കുറവാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പാമ്പുകൾക്കു വലിയ പങ്കുണ്ട്. വിഷമുള്ള പാമ്പുകൾ, വിഷമില്ലാത്ത പാമ്പുകൾ എന്നിങ്ങനെ രണ്ടുതരം പാമ്പുകളുണ്ട്. വിഷപ്പാമ്പുകൾ കടിച്ചാൽ മാത്രമേ മനുഷ്യന് അപകടമുള്ളൂ. പാമ്പുകളുടെ വിഷത്തിൽ പ്രോട്ടീൻ അളവ് വളരെ കൂടുതലാണ്.

വിഷമുള്ള പാമ്പുകൾ കുറവാണെന്നതു മാത്രമല്ല കടിക്കാൻ അറിയാവുന്ന പാമ്പുകൾ തന്നെ കുറവാണ്. ഏകദേശം 236 ഇനം പാമ്പുകളാണു ലോകത്തുള്ളത്. ഇതിൽ അൻപതോളം എണ്ണത്തിനു വിഷമുണ്ടെങ്കിലും പലതിനും മനുഷ്യ ജീവനെടുക്കാൻ മാത്രം തീവ്രവിഷം ഇല്ല. കേരളത്തിൽ കണ്ടെത്തിയ 104 ഇനം പാമ്പുകളിൽ ഇരുപതിനും മുപ്പതിനും ഇടയ്ക്കു മാത്രമാണു വിഷപ്പാമ്പുകൾ. അതിലും കുറച്ചെണ്ണത്തിനു മാത്രമേ മനുഷ്യജിവനു ഭീഷണിയുയർത്താൻ കഴിയൂ.