അധ്വാനിച്ച് ഇരപിടിക്കുന്നവർ മാത്രമല്ല. അങ്ങനെയുള്ള ജീവികളുടെ ഇരയെ തട്ടിയെടുത്തു ഭക്ഷിക്കുന്നവരും കാട്ടിലുണ്ട്. മിക്കവാറും ചീറ്റകളുടെ ഇരകളാണ് ഇത്തരത്തിൽ നഷ്ടപ്പെടുക. വേട്ടയാടി ഭക്ഷിക്കാൻ തുടങ്ങുമ്പോഴാകും സിംഹങ്ങളും കഴുതപ്പുലികളും കഴുകൻമാരുമൊക്കെ ആഹാരം അടിച്ചുമാറ്റാനെത്തുന്നത്. കുറുക്കൻമാരും ഇക്കാര്യത്തിൽ പിന്നിലല്ല.

സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്ക് സന്ദർശിക്കാനെത്തിയ ഷകേര കാലൂ ആണ് അപൂർവ ദൃശ്യം ക്യാമറയിൽ പകർത്തിയത്. ഇത്രയും കാലം ചീറ്റയുടെ ഭക്ഷണം മോഷ്ടിക്കുന്നത് സിംഹങ്ങളും കുറുക്കൻമാരും കഴുതപ്പുലികളുമൊക്കെ മാത്രമായിരുന്നുവെന്നാണ് ധാരണ. എന്നാൽ കാട്ടുപന്നികളും ഇക്കാര്യത്തിൽ മോശമല്ലെന്ന് തെളിയിക്കുകയാണ് ഈ ദൃശ്യം. ഷകേരയും സംഘവും സഫാരിക്കിടയിലാണ് പുൽമേട്ടിൽ ഇരയുമായി വിശ്രമിക്കുന്ന ചീറ്റയെ കണ്ടത്. പിടികൂടിയ ഇമ്പാലയെ അൽപം അകലെ മാറ്റിയിട്ട ശേഷം വിശ്രമിക്കുകയായിരുന്നു ചീറ്റ. ഇവിടേക്കാണ് കാട്ടുപന്നികളുടെ കൂട്ടമെത്തിയത്.

കാട്ടുപന്നികളെ കണ്ട ചീറ്റ ഇരയുടെ അടുത്തു നിന്നു മെല്ലെ പിൻമാറിയതും പന്നിക്കൂട്ടം ഇമ്പാലയുടെ ശരീരം ഭക്ഷിക്കാൻ തുടങ്ങി. കാട്ടുപന്നികളുടെ ആക്രമണം ഭയന്നാകാം ചീറ്റ പിൻമാറിയത്. അവിടെ നിന്നും പിൻമാറിയ ചീറ്റ അൽപം അകലെയായി മാറിയിരുന്ന് കാട്ടുപന്നിക്കൂട്ടത്തെ വീക്ഷിക്കുന്നുമുണ്ടായിരുന്നു. പിന്നീട് വേട്ടയാടിയ ഇരയെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിൽ അവിടെ നിന്ന് നടന്നകന്നു.

English Summary: Family of warthogs steal and eat cheetah's meal