പൊതുവേ ചൂട് കൂടുതലുള്ള ശരീരമാണ് ആനകളുടേത്. പൂഴിവാരി ശരീരത്തിലിട്ടും വെള്ളത്തിലിറങ്ങിക്കിടന്നുമൊക്കെയാണ് ഇവ ശരീരം തണുപ്പിക്കാറുള്ളത്. അതുകൊണ്ടുതന്നെ വെള്ളത്തിലിറങ്ങിയാൽ പിന്നെ ആനകൾക്ക് കരയിലേക്ക് കയറാൻ ഭയങ്കര മടിയാണ്. ആനകൾ ഏറെ നേരം വെള്ളത്തിലിറങ്ങി ശരീരം തണുപ്പിക്കുന്നതും കുസൃതി കാട്ടുന്നതുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും വെള്ളത്തിൽ കിടന്നുറങ്ങുന്നത് കണ്ടിരിക്കാൻ സാധ്യതയില്ല. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

യുഎസിലെ ടെക്സാസിലുള്ള ഫോർട്ട് വർത്ത് മൃഗശാലയിൽ നിന്നുള്ളതാണ് രസകരമായ ഈ ആനയുറക്കം. പൂച്ചയുറക്കമാണെങ്കിലും ശ്വാസമെടുക്കണമല്ലോ? അതിനായി മാത്രം ആന തുമ്പിക്കൈ മുകളിലേക്ക് കൊണ്ടുവരുന്നതും ശ്വാസമെടുത്ത ശേഷം പഴയതുപോലെ തുമ്പിക്കൈ വെള്ളത്തിലേക്ക് താഴ്ത്തി അതിൽ കിടന്നു മയങ്ങുന്നതും കാണാം.

18 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ മൃഗശാലയിലെ ജീവനക്കാരാണ് പകർത്തിയത്. മൃഗശാലയുടെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജിലാണ് ദൃശ്യം രസകരമായ ആനയുറക്കം പങ്കുവച്ചത്. 7 ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Video of elephant taking a nap in water is the most wholesome thing on the Internet