ഒഡിഷയിൽ കിണറിനുള്ളിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഗഞ്ചാം ജില്ലയിലെ ബുറുഝാരി ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രദേശവാസികളാണ് ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട കിണറിനുള്ളിൽ പാമ്പിനെ കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ പാമ്പ് പിടുത്ത വിദഗ്ധരുടെ സംഘത്തെ അയക്കുകയായിരുന്നു.

സ്വപ്നാലോക് മിശ്ര, മിഹിർ പാണ്ടെ എന്നീ പാമ്പുപിടുത്ത വിദഗ്ധരാണ് കിണറിനുള്ളിൽ അകപ്പെട്ട രാജവെമ്പാലയെ പിടികൂടാനെത്തിയത്. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ കിണറിനുള്ളിൽ നിന്നും പിടികൂടിയത്. 12നും 15നും ഇടയിൽ നീളമുള്ള കൂറ്റൻ രാജവെമ്പാലയെയാണ് കിണറിനുള്ളിൽ നിന്നും കിട്ടിയതെന്നും പാമ്പിനെ പിന്നീട് ഖാലിക്കോട്ട് വനമേഖലയിൽ തുറന്നുവിട്ടെന്നും വനംവകുപ്പ് അധികൃതർ അറിയിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയ്ക്ക് ഒരു മനുഷ്യനെ കൊല്ലാൻ ആവശ്യമായതിന്റെ പത്തിരട്ടി വിഷം സ്രവിപ്പിക്കാൻ കഴിയും. എല്ലാ കടികളും മരണത്തിനു കാരണമാവാൻ സാധ്യതയുണ്ട്. പക്ഷേ, രാജവെമ്പാല കടിച്ച സംഭവങ്ങൾ കുറവാണ്.

English Summary: In Odisha Village, People Find Huge King Cobra Inside Well