കാട്ടുപോത്തുകൾ ആക്രമിക്കാനെത്തുന്നത് കണ്ട് ഭയന്നോടിയ യുവതി മറിഞ്ഞുവീണു. യുഎസിലെ യെല്ലോസ്റ്റോൺ ദേശീയ പാർക്കിലാണ് സംഭവം നടന്നത്. പാർക്ക് സന്ദർശിക്കാനെത്തിയ ദമ്പതികൾക്കാണ് കാട്ടുപോത്തിന്റെ ആക്രമണം നേരിടേണ്ടി വന്നത്. കാട്ടുപോത്തുകളിൽ നിന്ന് സഞ്ചാരികൾ നിശ്ചിത അകലം പാലിക്കണമെന്ന മുന്നറിയിപ്പുകൾ പാർക്ക് അധികൃതർ നൽകിയിട്ടുണ്ടെങ്കിലും പലരും അത് പാലിക്കാറില്ല. അതാണ് കാട്ടുപോത്തുകൾ ആക്രമിക്കുന്ന സംഭവങ്ങൾ വർധിക്കാൻ കാരണം.

ഇവിടെ വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികൾക്ക് നേരെ രണ്ട് കാട്ടുപോത്തുകൾ പാഞ്ഞടുക്കുകയായിരുന്നു. ഇത് കണ്ട് ഭയന്നോടുന്നതിനിടയിൽ യുവതി തട്ടിവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന യുവാവും മറ്റ് സഞ്ചാരികളും നോക്കി നിൽക്കെ കാട്ടുപോത്ത് യുവതിയുടെ അരികിലെത്തി. ശരീരത്തിൽ മണത്തുനോക്കി. യുവതി മരിച്ചതുപോലെ ശ്വാസമടക്കി അനങ്ങാതെ കിടന്നു. അൽപസമയം കൂടി യുവതിയെ കാട്ടുപോത്ത് ചുറ്റും നടന്ന് മണത്തുനോക്കി.

ഒടുവിൽ യുവാവും മറ്റുള്ളവരും ചേർന്ന് ഒച്ചവച്ച് ഭയപ്പെടുത്തിയതോടെ കാട്ടുപോത്ത് യുവതിയുടെ അടുത്തു നിന്നു പിൻമാറി. കാട്ടുപോത്ത് പിൻമാറിയതോടെ യുവാവ് അടുത്തെത്തി യുവതിയെ എഴുന്നേൽപ്പിച്ചു. പിന്നീട് ഇരുവരും അവിടെ നിന്നും നടന്നുനീങ്ങി. യുവതിക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കൊന്നും പറ്റിയിരുന്നില്ല. മോണ്ടാന സ്വദേശിനിയായ യുവതിയാണ് കാട്ടുപോത്തിന്റെ മുന്നിൽ അകപ്പെട്ടത്. മരിച്ചതുപോലെ ശ്വാസമടക്കി കിടന്നാൽ കാട്ടുപോത്തുകൾ ആക്രമിക്കില്ലെന്ന് ഇവർക്കറിയാമായിരുന്നു. അതുകൊണ്ടാണ് യുവതി കാട്ടുപോത്ത് അരികിലെത്തിയപ്പോൾ അനക്കമില്ലാതെ കിടന്നത്. ശ്വാസം നിലച്ചുപോകുന്ന ഈ ദൃശ്യം 1.5 മില്യൺ ആളുകളാണ് ഇതുവരെ കണ്ടത്.

മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് കാട്ടുപോത്തുകളും എൽക്കുകളുമാണ് യെല്ലോസ്റ്റോൺ പാർക്കിലെത്തുന്ന സഞ്ചാരികളെ പലപ്പോഴും ആക്രമിക്കുന്നത്. ഇവയിൽ നിന്ന് 23 മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് പാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.

English Summary: In Scary Video, Tourist Trips And Falls While Fleeing Charging Bison