കൂറ്റൻ പെരുമ്പാമ്പിനെ മധ്യപ്രദേശിൽ കണ്ടെത്തി. ഇന്ത്യൻ റോക്ക് പൈതൺ വിഭാഗത്തിൽ പെട്ട പാമ്പാണിത്. ഏകദേശം 10 അടിയോളം നീളമുണ്ടാകും എന്നാണ് നിഗമനം. ഏഷ്യയിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലും കാണപ്പെടുന്ന പാമ്പാണിത്. ഈ വിഭാഗത്തിൽ പെട്ട പാമ്പുകൾ 3 മുതൽ 12 അടി വരെ നീളം വയ്ക്കാറുണ്ട്. ചെറുജീവികളും പക്ഷികളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം.

മാസങ്ങളോളം ഭക്ഷണം കഴിക്കാതെ ജീവിക്കാനും പെരുമ്പാമ്പുകൾക്ക് കഴിയും. രാത്രികാലങ്ങളിലാണ് സാധാരണയായി ഇവ ഇരതേടിയിറങ്ങുന്നത്. ഇരയെ വരിഞ്ഞുമുറുക്കി കൊല്ലുന്നതാണ് ഇവയുടെ രീതി. സാവധാനത്തിലാണ് പെരുമ്പാമ്പുകൾ ഇഴഞ്ഞു നീങ്ങുക. അമിതമായ ശരീരഭാരമാണ് ഇവ മെല്ലെ ഇഴഞ്ഞു നീങ്ങാൻ കാരണം. പൂർണ വളർച്ചയെത്തിയ ഒരു  പെരുമ്പാമ്പിന് 90 മുതൽ 100 കിലോയിലധികം ഭാരമുണ്ടാകും. മരത്തിൽ കയറാനും നിന്താനും ഇവയ്ക്ക് നിഷ്പ്രയാസം കഴിയും.

ഇഴഞ്ഞു നീങ്ങുന്നതിനിടയിൽ പാമ്പ് തലയുയർത്തി നോക്കുന്നത് ദൃശ്യത്തിൽ കാണാം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് കൂറ്റൻ പാമ്പിന്റെ അപൂർവ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Huge Python spotted at MP