പൂച്ചകളെ മക്കളെ പോലെ വളർത്തുന്ന ഒരമ്മയുണ്ട് തിരൂർ പരന്നേക്കാട്ടിൽ. പതിനാറ് വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് സമ്മാനിച്ച പൂച്ചയിൽ തുടങ്ങിയ സൈറ ബാനുവിന്റെ ഭ്രമം ഇന്ന് മുപ്പത്തിയാറിൽ എത്തിനിൽക്കുകയാണ്. മനുഷ്യന്മാര്‍ക്കുള്ളതല്ല, തന്റെ വീട് പൂച്ചകള്‍ക്ക് സ്വന്തമെന്നാണ് സൈറാബാനുവിന്റെ പക്ഷം.  സ്വന്തം മക്കളെപ്പോലെ വളര്‍ത്തുന്ന മുപ്പത്തിയാറ് പൂച്ചകളാണ് വീട്ടിലുള്ളത്. 

അധികവും പേര്‍ഷ്യന്‍ പൗരന്മാരാണ്. എക്ട്രീം പഞ്ച്, ഫുള്‍ പഞ്ച്, സെമി പഞ്ച്, ട്രഡീഷണൽ ലോങ് ഹെയർ എന്നിങ്ങനെ പോകുന്നു ഇനങ്ങൾ.  പൂച്ചകളുടെ എണ്ണം വര്‍ധിച്ചതിനാല്‍ പരിപാലനം വെല്ലുവിളിയായതോടെയാണ് സൈറാ ബാനു കച്ചവടത്തെപ്പറ്റി ചിന്തിച്ചത്. പതിനായിരം മുതല്‍ മുപ്പത്തിയയ്യായിരം രൂപവരെ വിലമതിക്കുന്ന പൂച്ചകളുണ്ട് ഈ വീട്ടില്‍. അങ്ങിനെ പൂച്ചപ്രേമം, നല്ലൊരു വരുമാനമാര്‍ഗം കൂടിയായി.

രാജ്യാന്തര ക്യാറ്റ് ഷോകളില്‍ പോലും മല്‍സരിച്ച് വിജയിച്ചവരാണ് ഇവരില്‍ പലരും. വീടിന്റെ നടുമുറ്റമാണ് വിഹാരകേന്ദ്രം. പൂച്ചകളുടെ കളിപ്പാട്ടങ്ങളും, വിശ്രമസ്ഥലങ്ങളുമാണ് സൈറാബാനുവിന്റെ വീട്ടിലാകെ. കൗതുകത്തിന്റെ പേരില്‍ വാങ്ങിയ ആഫ്രിക്കന്‍ ഗ്രേ പാരറ്റും ഒപ്പമുണ്ട്.  മക്കള്‍ക്കൊപ്പം പ്രവാസജീവിതത്തിലേക്ക് മടങ്ങാന്‍ സൈറാ ബാനുവിനെ ആരും നിര്‍ബന്ധിക്കാറില്ല. തന്റെ പൂച്ചകളെ വിട്ട് സൈറ എങ്ങോട്ടും വരില്ലെന്ന് അവര്‍ക്കറിയാം.

English Summary: Persian cat collection of Saira Banu