കൊല്ലം കടയ്ക്കലിൽ ജനവാസകേന്ദ്രത്തിൽ കരടി ഇറങ്ങി. കടയ‍്ക്കൽ ആനപ്പാറക്ക് സമീപം കുറ്റിക്കാട്ടിലാണ് കരടിയെ കണ്ടത്. കരടിയെ പിടിക്കാൻ വനംവകുപ്പ് കെണിവെച്ചു. കടയ്ക്കൽ ആനപ്പാറ കാട്ടുകുളങ്ങരയ്ക്ക് സമീപമാണ് കരടിയെ ഇന്നലെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കടയ്ക്കൽ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. തിരച്ചിലിൽ സമീപത്തെ കുറ്റിക്കാട്ടിൽ കരടിയെ കണ്ടു. ജനം കൂടിയതോടെ കരടി കാട്ടിലേക്ക് ഓടി കയറി.

ഗോവിന്ദമംഗലത്തിനും കാട്ടുകുളങ്ങര ക്ഷേത്രത്തിനും മധ്യഭാഗത്താണ് കൂട് സ്ഥാപിച്ചത്. അ‍ഞ്ചൽ വനം റേഞ്ച് ഓഫിസർ ബി.ആർ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂട് സ്ഥാപിച്ചത്. ഇതേ സമയം കിഴക്കൻമേഖലയിൽ നിന്നു ഇറങ്ങിയ കരടി ദിവസങ്ങളായി ഇവിടെ പാറകൾക്കിടയിൽ താവളമാക്കിയെന്നാണ് കരുതുന്നത്.

ആഴ്ചകൾക്ക് മുൻപ് അരിപ്പ, ചിതറ തൂറ്റിക്കൽ പ്രദേശത്ത് കണ്ട കരടിയാണ് ഇവിടെ എത്തിയതെന്നു കരുതുന്നു. കരടി അക്രമകാരിയായാൽ വെടിവയ്ക്കാൻ തോക്കും വനം വകുപ്പ് ഉദ്യോഗസ്ഥർ കരുതിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.കാട്ടുകുളങ്ങരയിൽ ഒരു വർഷം മുൻപ് തൊഴിലുറപ്പ് പദ്ധതിയിൽ കാട് വെട്ടിതെളിച്ചതല്ലാതെ സ്വകാര്യ വ്യക്തികൾ സ്വന്തം  വസ്തുവിലെ കാട് തെളിക്കാറില്ല.

ഏക്കർ കണക്കിന് വസ്തുവാണ് കാടുകയറി കിടക്കുന്നത്. കഴിഞ്ഞ വർഷം തൊഴിലുറപ്പ് പദ്ധതിയിൽ കാട് വെട്ടി തെളിച്ചതല്ലതാതെ പിന്നീട് ആരും തിരിഞ്ഞു നോക്കിയില്ല. സ്വകാര്യ വസ്തുവിലെ കാട് വെട്ടിത്തെളിക്കാൻ ലക്ഷക്കണക്കിന് രൂപയാണ് തൊഴിലുറപ്പ് പദ്ധതിയിൽ ചെലവഴിക്കുന്നത്.കരടിയെ പിടികൂടുന്നത് വരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു.

English Summary: Wild Bear Triggers Panic Among Locals At Kadakkal

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT