ചെന്നായ്ക്കൂട്ടത്തിന്റെ പിടിയിൽ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അമ്മക്കരടിയുടെ ദൃശ്യം കൗതുകമാകുന്നു. യുഎസിലെ യെല്ലോ സ്റ്റോൺ ദേശീയപാർക്കിലാണ് സംഭവം നടന്നത്. ഗൈഡായ ടെയ്‌ലർ ബ്ലാൻഡ് ആണ് അപൂർവ ദൃശ്യം പകർത്തിയത്. വിനോദ സഞ്ചാരികളുടെ സംഘത്തിനൊപ്പം സഫാരിക്കിറങ്ങിയപ്പോഴാണ് ഗ്രിസ്‍ലി വിഭാഗത്തിൽ പെട്ട കരടിയും കുഞ്ഞുങ്ങളും സംഘത്തിന്റെ മുന്നിലേക്കെത്തിയത്. ചെന്നായ്ക്കൂട്ടമാണ് അമ്മക്കരടിയേയും കുഞ്ഞുങ്ങളെയും തുരത്തിക്കൊണ്ടു വന്നത്.

ചെന്നായ്ക്കൂട്ടം പിന്നാലെ പായുന്നതു കണ്ട അമ്മക്കരടിയും രണ്ടു കുഞ്ഞുങ്ങളും കുറേദൂരം ഒടിയെങ്കിലും ചെന്നായ്ക്കൾ വിടാൻ ഭാവമില്ലെന്നറിഞ്ഞപ്പോൾ ചെറുത്തു നിൽക്കാൻ തുടങ്ങി. കുഞ്ഞുങ്ങളെ ലക്ഷ്യമാക്കിയെത്തിയ ചെന്നായ്ക്കളെ അമ്മക്കരടി തുരത്തി. പിൻകാലുകളിൽ നിവർന്ന് നിന്ന് കുഞ്ഞുങ്ങളെ സുരക്ഷിതമായി അടുത്ത് നിർത്തിയ ശേഷമായിരുന്നു അമ്മക്കരടിയുടെ പോരാട്ടം.

ആക്രമണം നടന്ന ലാനർ താഴ്‌വരയിൽ 90 നും 110നും ഇടയിൽ ചെന്നായ്ക്കളുണ്ടെന്നാണ് കണക്ക്. അമ്മക്കരടി തിരിച്ച് ആക്രമിച്ച് തുടങ്ങിയതോടെ പിടിച്ചു നിൽക്കാൻ കഴിയാതെ ചെന്നായ്ക്കൂട്ടം മെല്ലെ അവിടെ നിന്നു മടങ്ങി. അമ്മക്കരടിക്കും കൂടെയുള്ള രണ്ട് വയസ്സു പ്രായമുള്ള കരടിക്കുഞ്ഞുങ്ങൾക്കും പരുക്കൊന്നും സംഭവിച്ചുമില്ല. കരടിക്കുടുംബത്തെ അവിടെ വിട്ടിട്ട് ചെന്നായ്ക്കൂട്ടം അടുത്ത ഇരയെ ലക്ഷ്യമാക്കി മടങ്ങി.

യെല്ലോ സ്റ്റോൺ വൂൾഫ് ട്രാക്കറിന്റെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്. രണ്ട് ലക്ഷത്തിലധികം ആളുകൾ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Mother grizzly bear protects her cubs against pack of wolves