പ്രാവ് കൂട് കൂട്ടിയത് ബെൻസ് കാറിൽ. അതും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കാറിൽ. ഇപ്പോൾ പ്രാവിൻന്റെ മുട്ടകള്‍ വിരിഞ്ഞതിന്റെ വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് ഹംദാൻ. കാറിനെക്കാൾ വലുത് ആ ജീവനുകളാണെന്ന് കാണിക്കുകയാണ് ഹംദാൻ. പ്രാവ് മുട്ടയിട്ടതിനാല്‍ കുറച്ചു  നാളുകളായി കാര്‍ ഓടിക്കാതെ മാറ്റി വച്ചിരിക്കുകയാണ് അദ്ദേഹം. 

ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ്‌  കൗണ്‍സില്‍ ചെയര്‍മാനുമായ  ഷെയ്ഖ്  ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ  ബെന്‍സ് കാറിന്റെ  മുന്‍ വശത്തു  കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രാവ് മുട്ടയിട്ടത്. ആരും കാറിന്റെ അടുത്തേക്ക് പോകാതിരിക്കാന്‍ അദ്ദേഹം പ്രത്യേക കയറു കൊണ്ട് വേലി കെട്ടിയാണ് അത് സംരക്ഷിച്ചത്. ആ കാരുണ്യത്തണലിൽ മുട്ടകൾ വിരിഞ്ഞു. രണ്ട് പ്രാവിൻ കുഞ്ഞുങ്ങൾ കൂടി കൂട്ടിലെത്തി.

‘ചില സമയങ്ങളില്‍ ചെറിയ കാര്യങ്ങള്‍ പോലും വിലമതിക്കാനാകാത്തതാണ്’. വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഹംദാൻ കുറിച്ചതാണ്. പ്രാവിന്റെ മുട്ടയ്ക്ക് കരുതലായി കാര്‍ ഉപയോഗിക്കാതെ മാറ്റി വയ്ക്കുകയാണെന്ന് ഹംദാന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഹംദാന്റെ സഹജീവികളോടുള്ള കരുതലിനെ പ്രകീർത്തിക്കുകയാണ് ഇപ്പോൾ ലോകം. 

English Summary: Parrots nesting in ‘Benz’; Hamdan’s favorite lives in the car