പ്രസവിക്കാനിടം തേടി നടന്ന പൂർണഗർഭിണിയായ പൂച്ചയുടെ തലയ്ക്കടിച്ച് സമാനതകളില്ലാത്ത ക്രൂരത. ബലമേറിയ ആയുധം കൊണ്ട് പ്രഹരമേറ്റതിനെ തുടർന്ന് നില തെറ്റിയ പൂച്ചയെ മൂന്നു ദിവസത്തിനുശേഷം ഓടയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തൃശ്ശൂർ ജില്ലയിലെ പയ്യൂരിലുള്ള ഒരു വീട്ടിലെ വളർത്തു പൂച്ചയെയാണ് ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയത്. 

പ്രസവസമയം അടുത്തതോടെ അനുയോജ്യമായ സ്ഥലം തേടി നടക്കുന്നതിനിടെ ശല്യമാകും എന്ന് കരുതി സാമൂഹിക വിരുദ്ധർ  തലയ്ക്കടിക്കുകയായിരുന്നു.  അർധബോധാവസ്ഥയിൽ   പ്രസവിക്കാനാവാതെ മൂന്നുദിവസമായി വേദന സഹിച്ച് ഓടയിൽ  കിടന്ന പൂച്ചയെ വീട്ടുകാർ തന്നെയാണ് കണ്ടെത്തിയത്. 

വിവരമറിയിച്ചതിനെ തുടർന്ന് മൃഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകനായ പ്രദീപ് പയ്യൂർ ഗുരുതരാവസ്ഥയിലുള്ള പൂച്ചയെ മണ്ണുത്തി മൃഗാശുപത്രിയിൽ എത്തിച്ചു. വണ്ടിയിടിച്ചുണ്ടായ അപകടം ആവാം എന്ന് കരുതിയിരുന്നെങ്കിലും  ആയുധം കൊണ്ടുള്ള  അടിയേറ്റതാണ് എന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. നാലു കുഞ്ഞുങ്ങൾ പൂച്ചയുടെ വയറ്റിൽ ഉണ്ടെന്നും സ്കാനിംഗിൽ കണ്ടെത്തിയിരുന്നു. 

മൂന്നുദിവസമായി പ്രസവിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് പൂച്ചയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. എന്നാൽ മൂന്നു കുഞ്ഞുങ്ങളെ മാത്രമേ ജീവനോടെ രക്ഷിക്കാൻ സാധിച്ചിട്ടുള്ളൂ. മണ്ണുത്തി മൃഗാശുപത്രിയിലെ ഡോക്ടർ സുധീഷിന്റെ നേതൃത്വത്തിലാണ്  ശസ്ത്രക്രിയ നടന്നത്. പൂച്ചയുടെയും കുഞ്ഞുങ്ങളുടെയും ജീവന് ആപത്ത്  സംഭവിക്കാതെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർ സുധീഷ് അടങ്ങുന്ന മെഡിക്കൽ സംഘം.

English Summary: Pregnant cat beaten up and found unconscious in sewer