മനുഷ്യർ വിനോദത്തിനായി കാട്ടുപോത്തുകളെ ഉപയോഗിച്ച് പോര് നടത്തുന്നത് പല രാജ്യങ്ങളിലും പതിവാണ്. എന്നാൽ  മനുഷ്യർ കരുതുന്നതിലും അധികം  അപകടകാരികളും അക്രമണകാരികളുമാണ് കാട്ടുപോത്തുകളെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്ക്.

ലാമർ വാലിയിൽ നിന്നുള്ളതാണ് ദൃശ്യം.  ഒരു ആൺ കാട്ടുപോത്ത് മറ്റൊന്നിനെ അതീവ ശക്തിയോടെ റോഡിൽ നിന്നും ഇടിച്ചു തെറിപ്പിക്കുന്നതായി ദൃശ്യത്തിൽ കാണാം. കാട്ടുപോത്തുകൾ ഇണചേരുന്ന സമയമായതിനാൽ അവ വളരെയധികം ആക്രമണകാരികളുകുന്നു എന്ന മുന്നറിയിപ്പോടെയാണ് നാഷണൽ പാർക്ക് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

മനുഷ്യർ കരുതുന്നതിലും അധികം ശക്തി  ഉള്ളവയാണ് ആണ്‍ കാട്ടുപോത്തുകൾ. .അതിനാൽ ഏറ്റവും കുറഞ്ഞത് 25 മീറ്റർ എങ്കിലും അവയുമായി അകലം പാലിക്കേണ്ടതുണ്ട്. അതിവേഗത്തിൽ  പാഞ്ഞെത്തി തല ഉപയോഗിച്ച്  പ്രഹരിക്കാൻ അവയ്ക്ക് സാധിക്കും. ഒരേ വലുപ്പവും ശക്തിയുമുള്ള കാട്ടുപോത്തുകളാണ്  യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് പുറത്തുവിട്ട ദൃശ്യത്തിലുള്ളത്. എന്നിട്ടും നിഷ്പ്രയാസം മറ്റൊന്നിനെ ഇടിച്ചുതെറിപ്പിക്കാൻ അവയ്ക്ക് സാധിക്കുമെങ്കിൽ മനുഷ്യർക്ക് അവ എത്രമാത്രം അപകടകാരികൾ ആയിരിക്കുമെന്ന് ചിന്തിക്കാവുന്നതിലും അപ്പുറമാണ്.

കാട്ടുപോത്തുകൾ മനുഷ്യരെ ആക്രമിക്കുന്നതായുള്ള  വാർത്തകൾ കഴിഞ്ഞ മാസങ്ങളിൽ പുറത്തുവന്നിരുന്നു. മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ഒരു വ്യക്തിയേയും ഹൈക്കിങ് നടത്തുകയായിരുന്ന ഒരു കൗമാരക്കാരനെയും  കാട്ടുപോത്തുകൾ ആക്രമിച്ചതായിരുന്നു  അവയിൽ ഏറ്റവും ഭീതിജനകമായത്. ആക്രമണകാരികളായ കാട്ടുപോത്തുകൾ നിഷ്പ്രയാസം കൊമ്പിൽ തൂക്കിയെടുത്ത് അവരെ കറക്കി എറിയുകയാണ്  ചെയ്തത്. കാട്ടുപോത്തുകളുടെ വേഗത്തിനൊപ്പം ഓടിരക്ഷപ്പെടാൻ മനുഷ്യർക്ക് സാധിക്കാത്തതിനാൽ അപകടസാധ്യത കൂടുതലാണെന്ന് ഓർമിപ്പിക്കുകയാണ് നാഷണൽ പാർക്കിൽ നിന്നുള്ള ദൃശ്യങ്ങൾ.

English Summary: Yellowstone bison fight a true clash of titans