കേരളത്തിലെങ്ങും കാണപ്പെടുന്ന ഷഡ്പദമാണ് തൊഴും പ്രാണിവംശത്തിൽ പെടുന്ന പച്ച തൊഴുകൈയൻ. മുൻ കാലുകൾ തൊഴുപിടിച്ചാണ് ഇത്തരം പ്രാണികളുടെ നടപ്പ്. അതിനാലാണ് ഇവയ്ക്ക് തൊഴും പ്രാണി, പ്രാർത്ഥന പ്രാണി എന്നൊക്കെ പേരുവന്നത്.ഇത്തരമൊരു പ്രാണി ഇരപിടിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ചെടികളുടെ ഇലകളിലും പുൽപ്പടർപ്പിലും കാണപ്പെടുന്ന നേർത്ത ചിറകുകളുള്ള ഈ പ്രാണികൾ മാംസഭുക്കുകളാണ്.

പുൽച്ചാടികളും ചിത്രശലഭങ്ങളും ചെറിയ ഈച്ചകളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. ഇര അടുത്തെത്തിയാൽ ഒറ്റക്കുതിപ്പിന് അവയെ കീഴ്പെടുത്തുകയാണ് പതിവ്. ഈർച്ചവാൾ പോലുള്ള മുൻകാലുകൾ കൊണ്ട് ഇരയുടെ ശരീരം തുളയ്ക്കാനും കഷണങ്ങളാക്കാനും ഈ പ്രാണികൾക്ക് കഴിയും. കീറിമുറിക്കുന്ന ഇരയുടെ ശരീരത്തിൽ നിന്ന് രക്തം കുടിക്കുന്നതിനാൽ ഇവ ഷഡ്പദങ്ങളിലെ രക്തരക്ഷസ് എന്നും അറിയപ്പെടാറുണ്ട്.

ഓന്തിനെ പിടികൂടി ഭക്ഷിക്കുന്ന തൊഴുകൈയൻ പ്രാണിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പ്രാർത്ഥന പ്രാണി ഇത്ര വലിയ ഒരു ഇരയെ പിടികൂടുന്നതും ഭക്ഷണമാക്കുന്നതും അപൂർവമാണ്. മരത്തിലിരിക്കുന്ന ഓന്തിനെ പിടികൂടി അതിന്റെ വായ കടിച്ചുമുറിച്ച് രക്തമൂറ്റിക്കുടിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. വലിയ മുൻകാലുകൾ ഓന്തിന്റെ കഴുത്തിൽ അമർത്തിപ്പിടിച്ചാണ് പ്രാണി അതിനെ ആഹാരമാക്കിയത്. ഓന്തിന്റെ തലയുടെ ഒരു വശം മുഴുവനായും പ്രാണി തിന്നുതീർത്തു. ഡാർക്ക് സൈഡ് ഓഫ് നേച്ചറാണ് അപൂർവ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Chameleon gets eaten by a praying mantis