പല്ലിവർഗത്തിലെ ഏറ്റവും വലിയ ജീവിയാണ് കൊമോഡോ ഡ്രാഗൺ. ശക്തരിൽ ശക്തൻ, കണ്ടാലും ഭീകരൻ. ഒത്തുകിട്ടിയാൽ എത്ര വലിയ ജീവിയെയും ശാപ്പിട്ടുകളയും! ഇന്തോനേഷ്യയാണ് ഇവയുടെ സ്വദേശം. പണ്ടൊക്കെ ഇന്തോനീഷ്യയിലെ അസംഖ്യം ദ്വീപുകളിൽ കൊമോഡോ ഡ്രാഗണുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അവ വെറും അഞ്ചു ദ്വീപുകളിലായി ചുരുങ്ങി. മനുഷ്യൻ വൻതോതിൽ വേട്ടയാടുന്നതും കാട് കയ്യേറുന്നതും തീറ്റ കുറയുന്നതുമാണ് ഇതിനു കാരണം. അതിനാൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിലാണ് ഇപ്പോൾ അവ.

ഇങ്ങനെയുള്ള കൊമോഡോ ഡ്രാഗണിന്റെ ഒരു ദൃശ്യമാണ് ഇപ്പോൾ, സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. കുഞ്ഞിനെ ഭക്ഷിക്കുന്ന വലിയ കൊമോഡോ ഡ്രാഗണിനെയാണ് ദൃശ്യത്തിൽ കാണാൻ കഴിയുക. ഡാർക്ക് സൈഡ് ഓഫ്  നേച്ചറിന്റെ ട്വിറ്റർ പേജിലാണ് അപൂർവ ദൃശ്യം പങ്കുവച്ചത്.  

ഉടുമ്പ് അഥവാ ‘മോണിറ്റർ ലിസാഡ്’ കുടുംബത്തിൽ പെടുന്ന കൊമോഡോ ഡ്രാഗണ് മൂന്നു മീറ്ററോളം നീളവും 150 കിലോ വരെ ഭാരവുമുണ്ടാകും. ലോകത്തിലെ ഏറ്റവും ആക്രമണകാരിയായ ജീവികളുടെ കൂട്ടത്തിൽ പെടുന്ന അവ പന്നി, മാൻ, കുതിര തുടങ്ങി എല്ലാം അകത്താക്കും. 

കൊമോഡോ ഡ്രാഗന്റെ ഉമിനീരിൽ അൻപതോളം ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇരയെ ഒറ്റയടിക്ക് കൊല്ലാനായില്ലെങ്കിലും ഇവയുടെ കടിയേൽക്കുന്ന ജീവികൾക്ക് അധികം ആയുസുണ്ടാകില്ല. നീണ്ട നാക്കു നീട്ടി മണം ‘രുചിച്ചാണ് ഇവ ഇരതേടുക. 

ആധുനിക ലോകത്തിന് ഏറെക്കാലം അജ്ഞാതനായ ജീവിയായിരുന്നു കൊമോഡോ ഡ്രാഗൺ. ഒന്നാം ലോകമഹായുദ്ധക്കാലത്ത് ഇന്തോനീഷ്യൻ ദ്വീപുകളിൽ തകർന്നുവീണ ഒരു വിമാനത്തിന്റെ പൈലറ്റാണത്രെ ഈ ജീവിയെക്കുറിച്ച് ആദ്യമായി ലോകത്തോടു പറഞ്ഞത്. പുറംലോകത്തിന്റെ ഭീഷണികളൊന്നുമില്ലാതെ ലക്ഷക്കണക്കിനു വർഷങ്ങൾ ഒറ്റപ്പെട്ടുകഴിഞ്ഞതിനാലാവണം അവയ്ക്ക് ഇത്രയേറെ വലുപ്പം വച്ചതെന്ന് ജീവശാസ്ത്രജ്ഞർ പറയുന്നു.

English Summary:  Adult Komodo dragon eats baby Komodo dragon