ആൺ പാമ്പുകളുടെ പോരാട്ടം കൗതുകമാകുന്നു. പലപ്പോഴും ഇത് പാമ്പുകളുടെ നൃത്തമായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഒരിക്കലും പാമ്പുകൾ നൃത്തം ചെയ്യാറില്ല. അതിർത്തിയിൽ ആധിപത്യം സ്ഥാപിക്കുന്നതിനായും ഇണയ്ക്കായും ആൺപാമ്പുകൾ നടത്തുന്ന പോരാട്ടമാണ് പലപ്പോഴും പാമ്പുകളുടെ നൃത്തമായി വ്യാഖ്യാനിക്കപ്പെടുന്നത്. അതിർത്തിക്കായി മൃഗങ്ങൾക്കിടയിൽ പോരാട്ടം പതിവാണ്. ഇതു തന്നെയാണ് പാമ്പുകൾക്കിടയിലും സംഭവിക്കുന്നത്. വാശിയേറിയ ഈ പോരാട്ടം മിക്കവാറും നടക്കുന്നത് സമീപത്തെവിടെയെങ്കിലും പതുങ്ങിയിരിക്കുന്ന പെൺ പാമ്പുമായി ഇണചേരുന്നതിനാകാം. 

പോരാട്ടത്തിൽ വിജയിക്കുന്ന പാമ്പിന് ഇണയെ സ്വന്തമാക്കാം. പരാജിതൻ അതിർത്തി കടന്ന് പോകണം. പലപ്പോഴും ഈ പോരാട്ടത്തിൽ പാമ്പുകൾക്ക് പരുക്കേൽക്കാറില്ല. കാരണം പരസ്പരം ചുറ്റിപ്പിണഞ്ഞ് ഉയർന്ന് നിന്ന് ഒരു തലപ്പൊക്കം നോക്കിയാണ് പോരാട്ടം. പരസ്പരം ഇരു പാമ്പുകളും തല ഉയർത്താൻ മത്സരിക്കുന്നത് കാണാം. ഇത്തരമൊരു ദൃശ്യമാണ് യുഎസിലെ ലാരിമർ കൗണ്ടിയിൽ നിന്നു പുറത്തുവരുന്നത്. 

കൊളറാഡോയിലെ എസ്റ്റസ് പാർക്കിനു സമീപമാണ് സംഭവം നടന്നത്. ഇവിടെയെത്തിയ വിനോദസഞ്ചാരിയാണ് സംഭവം പകർത്തിയത്. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന കടുത്ത വിഷപ്പാമ്പുകളിലൊന്നായ വെസ്റ്റേൺ റാറ്റിൽ സ്നേക്കുകൾ തമ്മിലാണ് വാശിയേറിയ പോരാട്ടം നടന്നത്.ഏകദേശം 15 മിനിട്ടോളം ഈ പോരാട്ടം തുടർന്നു. കൂട്ടത്തിൽ വലുപ്പമുള്ള പാമ്പാണ് പോരാട്ടത്തിൽ വിജയിച്ചത്. പരാജിതനായ പാമ്പ് ഉടൻതന്നെ സ്ഥലം കാലിയാക്കുകയും ചെയ്തു.

English Summary: Western Rattlesnakes combat dance near Colorado