നാല് കാലുള്ള കോഴിക്കുഞ്ഞ് കൗതുകമാകുന്നു. ചാലക്കുടി ചൗക്കയിലാണ് ഈ അപൂര്‍വ കാഴ്ച. ചിലര്‍ വീഴുന്നത് നാലു കാലിലായിരിക്കും, അവര്‍ക്കൊന്നും പറ്റില്ല. ഇത് സ്ഥിരമായി കേള്‍ക്കുന്ന നാട്ടുമൊഴിയാണ്. ഇങ്ങനെ, നാലു കാലുള്ള കോഴിക്കുഞ്ഞാണ് ചാലക്കുടി ചൗക്കയിലുണ്ടായത്.

രണ്ടു ദിവസമാണ് കോഴിക്കുഞ്ഞിന്റെ പ്രായം. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്ന് ചീഫ് എന്‍ജിനീയറായി വിരമിച്ച കെ.പി.ജോര്‍ജിന്‍റെ വീട്ടിലാണ് ഈ അപൂര്‍വ കാഴ്ച. നാലു കാലുകളുള്ള കോഴിക്കുഞ്ഞ് ഇപ്പോൾ നാട്ടുകാര്‍ക്കിടയില്‍ താരമാണ്.

തിരുവോണത്തലേന്നാണ് ഇതു വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാലു കാലുകളുള്ള കോഴിക്കുഞ്ഞിനെ കാക്ക കൊത്തി കൊണ്ടുപോകാതിരിക്കാന്‍ വളരെ ശ്രദ്ധയോടെയാണ് പരിപാലിക്കുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഇങ്ങനെ കാലുകളുടെ എണ്ണം കൂടുന്നത് അപൂര്‍വമായി കാണാറുണ്ടെന്ന് മൃഗസംരക്ഷണ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

English Summary: Villagers flock to see baby chicken born with four legs