ഉത്തർപ്രദേശിലെ ഒരു കർഷകൻ തന്നെ കടിച്ച പാമ്പിന്റെ തല കടിച്ചു ചവച്ചരച്ച സംഭവം രണ്ട് വർഷം മുൻപ് പുറത്തുവന്നിരുന്നു. കർഷകനായ സോനേലാൽ ആണ് അന്ന് പാമ്പിനെ പിടിച്ച് അതിന്റെ തല കടിച്ചെടുത്ത് ചവച്ചരച്ച ശേഷം തുപ്പിയത്. പാമ്പ് ആക്രമിച്ചതും പാമ്പിനെ ആക്രമിക്കുന്നതുമായ നിരവധി സംഭവങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു സംഭവമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും പുറത്തു വരുന്നത്.

യാഷ്‌രാജ് മിശ്രയെന്ന പതിനേഴുകാരനെ തുടർച്ചയായി എട്ട് തവണ പാമ്പുകടിയേറ്റു. ഒരേ പാമ്പ് തന്നെയാണ് ഈ പതിനേഴുകാരനെ ആക്രമിക്കുന്നതെന്നാണ് ഇവരുടെ വാദം. നിരവധി തവണ പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണ് അപൂർവ സംഭവം.

ഒരു മാസം തന്നെ 8 തവണയാണ് യാഷ്‌രാജിനെ പാമ്പുകടിച്ചത്. ഓരോ തവണ കടിയേൽക്കുമ്പോഴും ഗ്രാമത്തിലുള്ള ഡോക്ടറുടെ അടുത്തെത്തി ചികിത്സ ചേടിയാണ് മരണത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപെട്ടത്. പരമ്പരാഗത പാമ്പാട്ടിമാരുടെ നിർദേശ പ്രകാരമുള്ള ചികിത്സയും യാഷ്‍രാജിന് തുണയായി. കഴിഞ്ഞ ആഴ്ച ഒടുവിലാണ് അവസാനമായി പാമ്പുകടിയേറ്റത്.

തുടർച്ചയായി ഒരേ പാമ്പുതന്നെ ആക്രമിക്കുന്നതു കാരണം യാഷ്‌രാജിനെ പിതാവ് ചന്ദ്രമൗലി മിശ്ര ബന്ധുവായ രാംജി ശുക്ല താമസിക്കുന്ന ബഹദൂർപുർ ഗ്രാമത്തിലേക്കയച്ചിരുന്നു. അവിടെ വച്ചും വീടിനടുത്ത് യാഷ്‌രാജ് അതേ പാമ്പിനെ തന്നെ കാണുകയും കടിയേൽക്കുകയും ചെയ്തു. എന്തുകൊണ്ടാണ് പാമ്പ് യാഷ്‌രാജിനെ തന്നെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതെന്ന് വ്യക്തമല്ല. പാമ്പിനെ ഭയന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് യാഷ്‌രാജെന്നും പിതാവ് വ്യക്തമാക്കി.

English Summary: UP Teen Allegedly Bitten By Same Snake Eight Times In One Month & Miraculously Survives