കുറച്ചു ദിവസം മുൻപാണ് ഓസ്ട്രേലിയൻ സ്വദേശിനിയായ സോഫി പിയേസൺ തന്റെ ബാത്റൂമിലെ ഫ്ലഷ് ടാങ്ക് വേണ്ടരീതിയിൽ പ്രവർത്തിക്കുന്നില്ല എന്ന് കണ്ടെത്തിയത്. എന്നാൽ എന്താണ് അതിന്റെ കാരണം എന്ന് മാത്രം സോഫിക്ക് തിരിച്ചറിയാനായില്ല. അങ്ങനെ ഒരു ദിവസം കാര്യമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നറിയാനായി സോഫി ഫ്ലഷ്ടാങ്ക് തുറന്നു നോക്കി. എന്നാൽ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.

ഒന്നും രണ്ടുമല്ല നാലു പാമ്പുകളാണ് സോഫിയുടെ ഫ്ലഷ് ടാങ്കിനുള്ളിൽ താമസമാക്കിയിരുന്നത്. ഉടൻതന്നെ സഹായത്തിനായി സോഫി തന്റെ സുഹൃത്തിനെയും വിളിച്ചുവരുത്തി. ഏറെനേരം പണിപ്പെട്ട ശേഷം ഇരുവരും ചേർന്ന് പാമ്പുകളെ ടാങ്കിനുള്ളിൽ നിന്നും പുറത്തെടുത്തു. മരങ്ങളിൽ ജീവിക്കുന്ന പാമ്പുകളാണ്  ടാങ്കിനുള്ളിൽ കയറിക്കൂടിയത്. ഇവ പൊതുവേ മനുഷ്യരെ ഉപദ്രവിക്കാറില്ല. പാമ്പുകൾ  ടാങ്കിനുള്ളിൽ  ചുറ്റിക്കിടന്നതിനാലാണ്  ശരിയായവിധത്തിൽ  വെള്ളം ഫ്ലഷ് ചെയ്യാതെ വന്നത്. 50 സെൻറീമീറ്റർ മുതൽ മൂന്നടി വരെ നീളമുള്ള പാമ്പുകളെയാണ് ഫ്ലഷ് ടാങ്കിനുള്ളിൽ നിന്നും പുറത്തെടുത്ത്.

അവയെ സുരക്ഷിതരായി അടുത്തുള്ള വയലിലേക്ക് തുറന്നു വിട്ടതായി സോഫി വ്യക്തമാക്കി. സോഫിയുടെ വീടിന്റെ തറയുടെ ചിലയിടങ്ങൾ  ഇളകിയ അവസ്ഥയിലാണ്. ആ വിടവിലൂടെയാവാം പാമ്പുകൾ ഉള്ളിലെത്തിയതെന്നാണ്  കരുതുന്നത്. ഫ്ലഷ് ടാങ്കിൽ  പാമ്പുകൾ കിടക്കുന്നതിന്റെ ചിത്രം സോഫി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. നിരുപദ്രവകാരികളാണെങ്കിലും ഇത്രയധികം പാമ്പുകൾ ടാങ്കിനുള്ളിൽ കഴിഞ്ഞത് ഏറെ ഭയപ്പെടുത്തുന്നുവെന്നാണ്  സമൂഹമാധ്യമങ്ങളിൽ  പ്രചരിക്കുന്ന ചിത്രങ്ങൾക്ക് താഴെ പലരും പ്രതികരിച്ചത്.

English Summary: Woman's Blocked Toilet Caused By Family Of Snakes Living Inside It