ഭക്ഷണം തേടിയാകാം പാമ്പുകൾ വീടിനുള്ളിലേക്കും പരിസരങ്ങളിലേക്കുമെത്തുന്നത്. ഇത്തരത്തിൽ ഒരു പാമ്പ് കയറിയത് തിരുവനന്തപുരം ജില്ലയിലെ മേനംകുളത്തുള്ള ഒരു വീട്ടിലാണ്. രാത്രിയാണ് മേനം കുളത്തിനു സമീപമുള്ള ഓമനക്കുട്ടന്റെ വീടിന്റെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാർ വാവ സുരേഷിനെ വിവരമറിയിച്ചു.

വാവ സുരേഷെത്തുമ്പോൾ അടുക്കളയിലെ ഗ്യാസ് സിലിണ്ടറിൽ ചുറ്റി പത്തിവിരിച്ചിരിക്കുന്ന നിലയിലായിരുന്നു പാമ്പ്. ഉടൻ തന്നെ പാമ്പിനെ അവിടെ നിന്നും സുരക്ഷിതമായി നീക്കം ചെയ്തു. രാത്രി പത്തുമണിയോടെയാണ് പാമ്പിനെ പിടികൂടിയത്.

പാമ്പുകൾ വീടിനുള്ളിലേക്ക് കയറാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം?

പാമ്പുകൾ വീടിനുള്ളിലേക്ക് കയറാതിരിക്കാൻ വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കാം. വീടിനോട് ചേർന്ന് ഉപയോഗശൂന്യമായ വസ്തുക്കൾ കൂട്ടിയിടാതിരിക്കാം. ഓട്, ഇഷ്ടിക, ടൈലിന്റെ കഷണങ്ങൾ, ഉപയോഗ ശൂന്യമായ ചെരുപ്പുകൾ എന്നിവ സൂക്ഷിക്കാതിരിക്കുക. വീടിന്റെ പ്രധാന വാതിലിനും പുറത്തേക്കിറങ്ങുന്ന പിൻവാതിലിനും അടിപ്പടി നിർബന്ധമായും വയ്ക്കണം. ഇത് വിടവില്ലാതെ ചേർത്തടയ്ക്കാൻ പാകത്തിലായിരിക്കണം. വാഷ്ബേസിന്റെയും സിങ്കിന്റെയും മലിനജലം ഒഴുകുന്ന പൈപ്പിന്റെ പുറത്തേക്കുള്ള ഭാഗം നെറ്റ് വച്ച് അടയ്ക്കാം. ആഴ്ചയിലൊരിക്കൽ വീടിന്റെ മുൻഭാഗത്തെയും പിന്നിലെയും പടികൾക്കു സമീപം മണ്ണെണ്ണയോ ഡ‍ീസലോ വെള്ളം ചേർത്ത് സ്പ്രേ ചെയ്താൽ ഒരു പരിധിവരെ പാമ്പുകൾ വീടിനുള്ളിലേക്ക് കയറുന്നത് തടയാം.

English Summary: Snakes on a gas cylinder