തിരയ്ക്കൊപ്പം പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് നീന്തിക്കയറിയത് വിഷപ്പാമ്പായ ബ്ലാക് മാമ്പ. ലോകത്തിലെ ഏറ്റവും അപകടകാരിയായ പാമ്പാണ് ആഫ്രിക്കയിൽ കാണപ്പെടുന്ന ബ്ലാക് മാമ്പകൾ. കരയിൽ ജീവിക്കുന്നവയിൽ വച്ച് ഏറ്റവും വേഗം കൂടിയ പാമ്പാണിത്. യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുന്ന പാമ്പുകളാണിവ. 

ഡർബനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ആഡിങ്ടൺ തീരത്തേക്കാണ് ബ്ലാക് മാമ്പ നീന്തിക്കയറിയത്. വിനോദസഞ്ചാരികളാണ് കടൽത്തിരയ്ക്കൊപ്പം തീരത്തേക്കെത്തുന്ന പാമ്പിനെ ആദ്യം കണ്ടത്. തീരത്തേക്കെത്തിയ പാമ്പ് മണൽത്തരികളിലൂടെ ഇഴഞ്ഞു നീങ്ങിയത് സഞ്ചാരികളിൽ ഭീതി പടർത്തി. ഇവർ നൽകിയ വിവരമനുസരിച്ച് സൗത്ത് ആഫ്രിക്കൻ അസോസിയോഷൻ ഫോർ മറൈൻ റിസേർച്ചിലെ വിദഗ്ധരെത്തി പാമ്പിനെ കടൽത്തീരത്തു നിന്നും സുരക്ഷിതമായി നീക്കം ചെയ്തു.

സാധാരണയായി തീരദേശങ്ങളിൽ ബ്ലാക് മാമ്പകളെ കാണാറില്ല. വനപ്രദേശങ്ങളിലും താഴ്‍വരകളിലുമൊക്കെയാണ് ഇവ സാധാരണയായി കാണപ്പെടാറുള്ളത്. നദികളിലൂടെയും അരുവികളിലൂടെയുമൊക്കെ സഞ്ചരിച്ച് കടൽത്തീരത്തേക്കെത്തിയതാകാം ബ്ലാക് മാമ്പയെന്നാണ് നിഗമനം. തീരത്തു നിന്നും പിടികൂടിയ പാമ്പിന് 2. 47 മീറ്റർ നീളമുണ്ടായിരുന്നു. പിടികൂടിയ പെൺ ബ്ലാക് മാമ്പ തീർത്തും ക്ഷീണിതയായിരുന്നു. അതുകൊണ്ട് തന്നെ വളരെ പെട്ടെന്നു തന്നെ ഇതിനെ തീരത്തു നിന്നും പിടികൂടാൻ സാധിച്ചു. പാമ്പിനെ പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യം വീണ്ടെടുത്ത ശേഷം സ്വാഭാവിക ആവാസവ്യവസ്ഥയിൽ ഇതിനെ തുറന്നു വിടാനാണ് അധികൃതരുടെ തീരുമാനം.

English Summary: Black mamba takes a dip off the Durban coastline