കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാനായി കൈകഴുകുയും മാസ്ക് ധരിക്കുയുമെല്ലാം ചെയ്യുന്നത് ജിവിതത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് ലോകം മുഴുവന്‍. മനുഷ്യർ മാത്രമല്ല ഈ ദൗത്യത്തിൽ പങ്കാളികളാകുന്നത്. ജീവികളും ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്. അത്തരത്തിൽ ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 

പല കാര്യങ്ങളിലും മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരാണ് ഒറാങ് ഉട്ടാനുകൾ. മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ അതേപോലെ അനുകരിക്കാനും ഇവ ശ്രമിക്കാറുണ്ട്. പ്രത്യേകിച്ചു മൃഗശാലയിലും മറ്റും പാർപ്പിച്ചിരിക്കുന്ന ഒറാങ് ഉട്ടാനുകൾ. സോപ്പുവെള്ളം ഉപയോഗിച്ച് പരിസരം വൃത്തിയാക്കുകയും കൈകഴുകുകയും ചെയ്യുന്ന ഒരു ഒറാങ് ഉട്ടാന്റെ ദൃശ്യമാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. 

നേച്ചർ ഈസ് ലിറ്റ്' എന്ന ട്വിറ്റർ പേജിലാണ് 23 സെക്കൻഡ് ദൈർഘ്യമുള്ള രസകരമായ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. സാന്ദ്ര എന്ന ഒറാങ് ഉട്ടാനാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മനുഷ്യരെ പോലെ തന്നെ സോപ്പ് ലായനി ഉപയോഗിച്ച് സമീപത്തുള്ള മരത്തിന്റെ തടിയും പരിസരവും കൈയുമൊക്കെ കഴുകി വൃത്തിയാക്കിയത്. ഒരു മൃഗശാലയിൽ നിന്നുള്ള കാഴ്ചയാണിത്. മൃഗശാലയിലെ ജീവനക്കാർ ചെയ്യുന്നത് കണ്ട് സോപ്പും വെള്ളവുമുപയോഗിച്ച് തന്റെ കൈയും മരത്തടിയുമെല്ലാം വൃത്തിയാക്കുകയായിരുന്നു സാന്ദ്ര. കോവിഡ് കാലത്തെ ഏറ്റവും മികച്ച വിഡിയോ ആണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Sandra The Orangutan Washing Hands Due To The COVID-19 Pandemic