സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിശ്രമജീവിതത്തിലേക്കു കടക്കുന്ന പൊലീസ് നായക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ്. മലപ്പുറം പടിഞ്ഞാറ്റുംമുറി പൊലീസ് ക്യാംപില്‍ നിന്നാണ് പൊലീസ് നായ സോള്‍ജിയറെ കണ്ണീരോടെ യാത്രയാക്കിയത്. സ്ഫോടക വസ്തുക്കളുടെ ചെറിയ സാന്നിധ്യം പോലും മണത്തെടുക്കുന്നതില്‍ പേരെടുത്തവനാണ് സോള്‍ജിയര്‍. 

കുറ്റിപ്പുറത്തെ സ്ഫോടകവസ്തു ശേഖരവും മാവോയിസ്റ്റ് കുപ്പുദേവരാജ് കൊല്ലപ്പെട്ട വനത്തിനുളളിലെ സ്ഫോടക വസ്തു സാന്നിധ്യവുമെല്ലാം കണ്ടെത്തിയത് സോള്‍ജിയറുടെ മികവിലായിരുന്നു. പ്രധാനമന്ത്രി അടക്കമുളളവരുടെ സുരക്ഷയുടെ ഭാഗമായി ഒട്ടേറെ വി.വി.ഐ.പി ജോലികള്‍ക്കു ശേഷമാണ് വിരമിക്കല്‍.

പത്തു വര്‍ഷമായാല്‍ പൊലീസ് നായകള്‍ വിരമിക്കണമെന്നാണ് ചട്ടം. പതിനൊന്നാമത്തെ വയസിലേക്ക് കടക്കുകയാണ് സോള്‍ജിയര്‍. പത്തുവര്‍ഷമായി പരിശീലവും പരിപാലനവും നല്‍കിയവര്‍ക്കെല്ലാം നിമിഷങ്ങള്‍ വൈകാരികമായിരുന്നു. സഹപ്രവര്‍ത്തകന്റെ വിരമിക്കല്‍ അറിഞ്ഞിട്ടാണോ എന്നറിയില്ല മറ്റു നായകളും അക്ഷമരായിരുന്നു. ചടങ്ങിനു ശേഷം സോള്‍ജിയറെ തൃശൂരിലേക്ക് യാത്രയാക്കി. പൊലീസ് അക്കാദമിയിലെ വിശ്രാന്തിയിലാണ് ഇനിയുളള വിശ്രമജീവിതം

English Summary: Police dog Soldier retires heartwarming video