കാട്ടില്‍നിന്ന് ലഭിച്ച പുള്ളിമാന്‍കുഞ്ഞിനെ പൊന്നുപോലെ നോക്കുന്ന ഒരു ഗ്രാമമുണ്ട് കാസര്‍കോട് ചേനക്കോട്. പത്തുദിവസം പ്രായമായപ്പോള്‍ ലഭിച്ച മാന്‍കുഞ്ഞിനെ ചേനക്കോട്ടുകാര്‍ സ്വന്തം കുഞ്ഞിനെ പോലെയാണ് പരിചരിക്കുന്നത്. ചേനക്കോട്ടുകാരുടെ കുട്ടനാണിത്, കാട്ടിലെ മാന്‍കുട്ടന്‍ ഇവര്‍ക്ക് കുട്ടനായത് വളരെ പെട്ടെന്നാണ്. പത്തുമാസമാണ് കുട്ടന്‍റെ പ്രായം.

കുട്ടികളെയാണ് കൂടുതല്‍ ഇഷ്ടം, ഇഷ്ടഭക്ഷണമായി പ്രത്യേകിച്ചൊന്നില്ല, കാരണം പുട്ടുമുതല്‍ ഇഡ്ഡലി വരെ കുട്ടന്‍ കഴിക്കും. പലഹാരങ്ങള്‍ക്കൊപ്പം പറമ്പിലുള്ള പുല്ലും ചെടികളുമൊക്കെ കഴിച്ച് കുട്ടന്‍ നാടിനെ കാടാക്കി തുള്ളിച്ചാടി നടക്കുന്നു. നാട്ടുകാര്‍ വളര്‍ത്തുന്ന നായ്ക്കളും കുട്ടനുമൊക്കെ ഒരുമിച്ച് കളിച്ചങ്ങനെ വളരുകയാണിപ്പോള്‍.

ചീമേനിയിലെ പ്ലാന്‍റേഷന്‍ തൊഴിലാളികള്‍ക്കാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പുള്ളിമാന്‍കുഞ്ഞിനെ ലഭിച്ചത്. വളര്‍ച്ചയെത്താത്ത മാന്‍കുഞ്ഞിനെ കാട്ടില്‍ വിടാന്‍ സാധിക്കാത്തതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മഹീന്ദ്ര വൈല്‍ഡ് ലൈഫ് ഫൗണ്ടേഷനെ ഏല്‍പ്പിച്ചു. അങ്ങനെയാണ് കുട്ടന്‍ ചേനക്കോട്ടെത്തുന്നത്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മവീഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് മാന്‍കുഞ്ഞിനെ വളര്‍ത്തുന്നതും പരിപാലിക്കുന്നതും.

കാസര്‍കോട് റേഞ്ച് ഫോറസറ്റ് ഓഫിസര്‍ അനില്‍കുമാറും സംഘവും ചേനക്കോട്ടെത്തി കുട്ടന്‍റെ ആരോഗ്യവും വളര്‍ച്ചയും കൃത്യമായി  പരിശോധിക്കുന്നുണ്ട്. എന്നെങ്കിലുമൊരുനാള്‍ കുട്ടനെ വേര്‍പിരിയേണ്ടി വരുമോ എന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്, കാരണം അത്രയേറെ അടുത്തുപോയി ഇവര്‍. മാനിന്‍റെ ആവാസ വ്യവസ്ഥയുള്ള വനപ്രദേശത്ത് കുട്ടനെ വിടാനാണ് വനംവകുപ്പിന്റെ തീരുമാനം.

English Summary: Kuttan, A Baby Deer Being Nurtured By Chenakotu natives, in Kasaragodu