ചൂണ്ടയിൽ കുരുങ്ങിയ മത്സ്യത്തിന്റെ വായിൽ കൈയിട്ട മത്സ്യത്തൊഴിലാളിയെ പാമ്പ് കടിച്ചു. ടെന്നസിയിലെ മത്സ്യത്തൊഴിലാളിയായ ഡാൻ ബൂഡ്രിക്കിനാണ് വിചിത്ര സംഭവം നേരിടേണ്ടി വന്നത്. ചൂണ്ടയിൽ കുരുങ്ങിയ മത്സ്യത്തിന്റെ പിടിവിടുവിക്കാനായി ഡാൻ അതിന്റെ വായിൽ കൈയിട്ടപ്പോഴാണ് ഉള്ളിലുണ്ടായിരുന്ന പാമ്പിന്റെ കടിയേറ്റത്.

ടെന്നസിയിൽ വന്നിട്ട് അധികമായിട്ടില്ലാത്തതിനാൽ ആദ്യം പാമ്പിനെ കണ്ട് ഭയന്നതായി ഡാൻ വ്യക്തമാക്കി. വിഷമുള്ള പാമ്പാണോ കടിച്ചതെന്ന സംയശയത്തിലാണ് ഭയന്നത്. എന്നാൽ പിന്നീട്  വെള്ളത്തിൽ ജീവിക്കുന്ന വിഷമില്ലാത്തയിനം പാമ്പാണ് കടിച്ചതെന്നറിഞ്ഞു.

മത്സ്യത്തിന്റെ വായിൽ കയ്യിടുമ്പോൾ ഇനിയൊന്ന് സൂക്ഷിക്കണമെന്ന മുന്നറിയിപ്പോടെ ടെന്നസി വൈല്‍ഡ് ലൈഫ് റിസോഴ്‌സസ് ആണ് ഈ വാർത്തയും ചിത്രവും പങ്കുവച്ചത്. ഡാൻ തന്നെയാണ് ഈ ചിത്രം പകർത്തിയത്. മത്സ്യത്തിന്റെ തൊണ്ടയിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. മത്സ്യം വിഴുങ്ങിയപ്പോൾ തൊണ്ടയിൽ കുടുങ്ങിയതാവാം പാമ്പെന്നാണ് നിഗമനം. ചിത്രം പകർത്തുമ്പോൾ മത്സ്യത്തിന്റെ വായിലിരുന്ന് പാമ്പ് തുറിച്ചുനോക്കുന്നത് കണ്ടതായും ഡാൻ വ്യക്തമാക്കി. 

English Summary: Tennessee fisherman catches bass holding snake in its mouth