വയനാട് നടവയലിൽ നാട്ടുകാരുടെ ഓമനയായ കാട്ടുപന്നി ഒടുവിൽ നാട്ടുകാർക്ക് പൊല്ലാപ്പായി.  നാട്ടിലെ കൃഷിയിടങ്ങളെല്ലാം നിരപ്പാക്കാൻ തുടങ്ങിയ പന്നിയെ ഉൾക്കാട്ടിലേക്ക് വിട്ടു. ചിക്കു എന്ന് പേരിട്ടു വളർത്തിയ കാട്ടുപന്നി  പോയതിന്റെ സങ്കടത്തിലാണ് ആലുമൂല ആദിവാസി കോളനിയിലെ  കുട്ടികൾ. ചിക്കു എന്ന കാട്ടുപന്നിയെ കോളനിയിലെ കുട്ടികൾ ജീവന് തുല്യം സ്നേഹിച്ചിരുന്നു.  ഈ സൗഹൃദം ഉപയോഗിച്ചാണ് വനം വകുപ്പ് അധികൃതർ ചിക്കുവിനെ പിടിച്ചു കെട്ടിയത്.

ആലുമൂല  കോളനിയിലുള്ളവർക്ക്  തോട്ടത്തിൽ നിന്നും ലഭിച്ചതായിരുന്നു  കാട്ടുപന്നി കുഞ്ഞിനെ.  പാലും മറ്റും നൽകി വളർത്തിയ കാട്ടുപന്നി വളർന്നു വലുതായി. നാട്ടുകാരുടെയും ഓമനയായിരുന്നു ചിക്കു. എന്നാൽ അടുത്ത കാലത്ത്  പരിസരത്തെ കൃഷിയിടങ്ങളിൽ ചില നഷ്ടങ്ങൾ.   ഇതിനു പിന്നിൽ ചിക്കുവാണെന്നായിരുന്നു  നാട്ടുകാരുടെ പരാതി.  

വനം വകുപ്പ്  പിടിക്കാൻ ശ്രമിച്ചെങ്കിലും  കയർപൊട്ടിച്ച് പന്നി സ്ഥലം വിട്ടു. ഒടുവിൽ ചിക്കുവിനോട് ഏറെ അടുപ്പമുള്ള കോളനിയിലെ  കുട്ടികൾ വഴിയാണ്  കീഴടക്കിയത്.  വിഷമിച്ച കുട്ടികളെ  ആശ്വസിപ്പിച്ചാണ്  ചിക്കുവിനെ വനത്തിൽ വിടാൻ അധികൃതർ കൊണ്ട് പോയത്.   എന്തായാലും നാട്ടുകാർ ഇപ്പം ആശ്വാസത്തിലാണ്  എന്നാൽ ചിക്കു ഒരുനാൾ തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് കുട്ടികൾ

English Summary: Wild boar chikku is Released back into the Wild