പരുക്കേറ്റു തോട്ടിൽ കിടക്കുകയായിരുന്ന മ്ലാവിനെ വനം വകുപ്പ് അധികൃതർ ശുശ്രൂഷിച്ചു കാട്ടിലേക്കു തിരികെ വിട്ടു. മലയാറ്റൂർ ഇല്ലിത്തോട് ഒന്നാം ബ്ലോക്ക് പോട്ട ഭാഗത്തു കണ്ണമ്പുഴ അലക്സിന്റെ റബർ തോട്ടത്തിലെ തോട്ടിലാണു മ്ലാവ് കിടക്കുന്നതു രാവിലെ കണ്ടത്. വയറിൽ മുറിവേറ്റ മ്ലാവ് ഓടിപ്പോകാനാവാത്ത അവസ്ഥയിലായിരുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടറും വന്നു മ്ലാവിനെ മയക്കി കിടത്തി മുറിവ് തുന്നിക്കെട്ടി. തുടർന്നു മലയാറ്റൂർ വനമേഖലയിൽ ചേലത്തോട് ഭാഗത്തു കാടിനുള്ളിലേക്കു വിട്ടു. 2 മ്ലാവുകൾ‍ തമ്മിൽ കുത്തു കൂടിയതിനെ തുടർന്നായിരിക്കാം ഒരു മ്ലാവിനു പരുക്കേറ്റതെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

മുറിവേറ്റ മ്ലാവിനു 9 വയസ്സും 200 കിലോഗ്രാം തൂക്കവുമുണ്ട്. വെളുപ്പിനു 3നു ശേഷമാണു മ്ലാവുകളെ സാധാരണ നാട്ടിലേക്കു കാണാറുള്ളത്. ഈ മേഖലയിൽ ധാരാളം മ്ലാവുകൾ എത്താറുണ്ട്. ഡപ്യൂട്ടി റേഞ്ച് ഓഫിസർ പി.കൃഷ്ണകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ അരുൺകുമാർ എന്നിവർ രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകി.

 English Summary: Officials rescue injured Sambar Deer