ഇടുക്കി പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള തിരച്ചിലില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ പൊലീസ് നായ ഡോണയ്ക്ക് സംസ്ഥാന ബഹുമതി. പൊലീസ് നായ്ക്കളുടെ സേവനക്ഷമതാ പരീക്ഷയിലും ഡോണയ്ക്ക് സ്വര്‍ണപ്പതക്കം ലഭിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായി ബീഗിള്‍ ഇനത്തില്‍പ്പെട്ട നായ പരിശീലനം പൂര്‍ത്തിയാക്കി ഇടുക്കിയിലെ പൊലീസ് സേനയുടെ ഭാഗമായി. 

പെട്ടിമുടിയില്‍ മണ്ണിലമര്‍ന്നവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍  ഡോണ മികച്ച സേവനമാണ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയത്. ലാബ്രഡോര്‍  ഇനമായ ഡോണ തിരച്ചില്‍ - രക്ഷാപ്രവര്‍ത്തനങ്ങളിലാണ് വൈദഗ്ധ്യം നേടിയിരിക്കുന്നത്. ഡോണയ്ക്കു പരിശീലനം നല്‍കിയ ഡോഗ് സ്‌ക്വാഡ് ടീമംഗങ്ങളെ എസ്പി  ആര്‍. കറുപ്പസാമി അഭിനന്ദിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ നിന്ന് ആദ്യമായാണ് ഒരു പൊലീസ് നായയ്ക്ക് തിരച്ചില്‍– രക്ഷാ പ്രവര്‍ത്തനത്തില്‍ ഔദ്യോഗിക ബഹുമതി ലഭിക്കുന്നത്. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ സംസ്ഥാന ഡോഗ് ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സേവനക്ഷമതാ പരീക്ഷയില്‍ ഡോണയ്ക്ക് സ്വര്‍ണപ്പതക്കം ലഭിച്ചു.

ഡോണയ്‌ക്കൊപ്പം ഇടുക്കി ഡോഗ്‌ സ്‌ക്വാഡിലെ  ഡോളി എന്ന നായയും പരിശീലനം പൂര്‍ത്തിയാക്കി എത്തിയിട്ടുണ്ട്.  ബീഗിള്‍ ഇനമാണ് ഡോളി. ഇവള്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതില്‍ അതിവിദഗ്ധയാണ്. ബീഗിള്‍ ഇനത്തില്‍പ്പെട്ട നായയെ കേരളത്തില്‍ ആദ്യമായാണ് പൊലീസില്‍ പരിശീലനം നല്‍കി സേവനത്തില്‍ നിയോഗിച്ചിരിക്കുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ റോയ് തോമസിന്റെ നേതൃത്വത്തിലുള്ള  ടീമാണ് നായകള്‍ക്ക് പരിശീലനം നല്‍കുന്നത്.