സാധാരണയായി ആഡ്‌വാകുകൾ പകൽ സമയങ്ങളിൽ ഇരതേടാറില്ല. രാത്രിയിലാാണ് ഇവയുടെ സഞ്ചാരം. അതുകൊണ്ടു തന്നെ വളരെ അപൂർവമായി മാത്രമേ ആഡ്‌വാക്കുകളെ കാണാൻ സാധിക്കാറുള്ളൂ. ഇത്തരമൊരു ആഡ്‌വാകിനെ വേട്ടയാടാൻ ശ്രമിക്കുന്ന തവിട്ടു നിറമുള്ള കഴുതപ്പുലിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സൗത്ത് ആഫ്രിക്കയിലെ ലിംപോപോയിലുള്ള ഗ്രേറ്റർ മബൂല പ്രൈവറ്റ് ഗെയിം റിസർവിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം.

ഇവിടെയുള്ള നൂറു വർഷത്തോളം പഴക്കമുള്ള വൈൽഡ് ഫിഗ് മരത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനിറങ്ങിയ സംഘമാണ് സമതല പ്രദേശത്ത് ഭക്ഷണം തേടി നടക്കുന്ന ആഡ്‌വാകിനെ കണ്ടത്. പകൽ സമയങ്ങളിൽ ആഡ്‌വാകുകൾ ഇരതേടാറില്ല. അതുകൊണ്ട് തന്നെ ഇതൊരു അദ്ഭുത കാഴ്ചയായിരുന്നു. ആഡ്‌വാകിന്റെ ദൃശ്യം പകർത്തുന്നതിനിടയിലാണ് ഗൈഡായ ആൻഡ്രൂ മറ്റൊരു കാഴ്ച കണ്ടത്. ആഡ്‌വാകിനെ ലക്ഷ്യമാക്കിയെത്തുന്ന തവിട്ടു നിറമുള്ള കഴുതപ്പുലി.

കുതിച്ചെത്തിയ കഴുതപ്പുലിയെ കണ്ട് ആഡ്‌വാക് ജീവനും കൊണ്ടോടി. തൊട്ടുപിന്നാലെ കഴുതപ്പുലിയും. കഴുതപ്പുലിയുടെ പിടികൂടിയതും പൊടിയുടെ പുകമറ അവിടെ നിറഞ്ഞതും ഒന്നിച്ചായിരുന്നു. എന്താണ് സംഭവിച്ചതെന്ന് സംഭവം കണ്ടു നിന്നവർക്ക് ഒരു നിനിഷത്തേക്ക് മനസ്സിലായില്ല. എന്നാൽ സംഭവസ്ഥലത്തു നിന്നും കഴുതപ്പുലി നിരാശനായി മടങ്ങിയതോടെ ഒരു കാര്യം വ്യക്തമായി. സ്വതസിദ്ധമായ ശൈലിയിൽ ആഡ്‌വാക് രക്ഷപെട്ടെന്ന്. യന്ത്രത്തേക്കാൾ വേഗത്തിൽ മണ്ണുതുരക്കാന്‍ കഴിവുള്ള ജീവികളാണിവ. നിമിഷനേരം കൊണ്ട് മണ്ണുതുരന്ന് മാളമുണ്ടാക്കി അതിലൊളിക്കാൻ ഇവയ്ക്കു കഴിയും. 

കഴുതപ്പുലി പിടികൂടുമെന്നായപ്പോൾ നിമിഷങ്ങൾക്കകം മണ്ണുതുരന്ന് മാളമുണ്ടാക്കിയാണ് ആഡ്‌വാക് സംഭവസ്ഥലത്തു നിന്നും അതിവിദഗ്ധമായി രക്ഷപെട്ടത്. അൽപനേരം കൂടി മാളത്തിനു സമീപം തലയിട്ടും കാലുകൊണ്ട് മണ്ണുനീക്കിയുമൊക്കെ നോക്കിയിട്ട് രക്ഷയില്ലെന്നു കണ്ട കഴുതപ്പുലിയും അവിടെ നിന്നു മടങ്ങി. അപൂർവ ദൃശ്യം നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ സഞ്ചാരികളുടെ സംഘവും.

ആഡ്‌വാക്

ആഫ്രിക്കയിൽ കാണപ്പെടുന്ന ഒരിനം ജീവികളാണ് ആഡ്‌വാകുകൾ. നാണം കുണുങ്ങികളായ ഈ ജീവികൾ അപൂർവമായി മാത്രമേ പകൽവെളിച്ചത്ത് പുറത്തിറങ്ങുകയുള്ളൂ. അതുകൊണ്ടു തന്നെ മനുഷ്യന് ഏറ്റവും കുറച്ചറിയാവുന്ന സസ്തനികളിലൊന്നുകൂടിയാണ് ആഡ്‌വാക്.

പന്നിയുടെ മൂക്ക്, മുയലിന്റെ ചെവി, കങ്കാരുവിന്റേതുപോലുള്ള വാല്, നായയോളം വലുപ്പം, സാമ്യമേറെയുണ്ടെങ്കിലും ഇവയൊന്നിന്റെയും കുടുംബക്കാരനല്ല ആഡ്‌വാക്. വിശാലമായ ഈ ലോകത്ത് ആഡ്‌വാക്കിന് ബന്ധുക്കളെന്നു പറയാൻ ആകെയുള്ളത് ആഡ്‌വാക് മാത്രം!

ആഡ്‌വാക്കുകൾ കാണപ്പെടുന്നത് ആഫ്രിക്കയിലാണ്. സഹാറ മരുഭൂമിയുടെ തെക്കുഭാഗത്തു മാത്രം കാണപ്പെടുന്ന ഇവയുടെ ഇഷ്ടഭക്ഷണം ഉറുമ്പും ചിതലുമാണ്. ഒത്തുകിട്ടിയാൽ ഒറ്റരാത്രികൊണ്ട് അരലക്ഷത്തോളം ഉറുമ്പിനെ ഭക്ഷിക്കും. ഉറുമ്പു പിടിക്കാനായി മനുഷ്യൻ കണ്ടുപിടിച്ച ഏതൊരു യന്ത്രത്തേക്കാളും സ്പീഡിൽ ഭൂമി തുരക്കാനും ഇവയ്ക്കു കഴിയും. പകൽ മുഴുവൻ റെസ്റ്റ്, രാത്രി എല്ലു മുറിയെ പണിയെടുത്ത് പല്ലു മുറിയെത്തീറ്റ ആഡ്‌വാക്കിന്റെ ജീവിതം ഒറ്റവാചകത്തിൽ പറഞ്ഞാൽ ഇങ്ങനെയാവും . ഭൂമി തുരക്കണം. ഭക്ഷണം കഴിക്കണം. കിടന്നുറങ്ങണം ഇതാണ് ആഡ്‌വാകിന്റെ രീതി. മനുഷ്യൻ ആഡ്‌വാക്കിനെ അധികം കാണാത്തതുകൊണ്ടാവണം. ഇന്നും വംശനാശം നേരിടുന്ന മൃഗങ്ങളുടെ കൂട്ടത്തിൽ ഈ ജീവി ഉൾപ്പെട്ടിട്ടില്ല.

English Summary: Aardvark Tries to Outrun Hyena in Epic Chase