തമിഴ്നാട്ടിൽ നിന്നുള്ള ഒരു ആനക്കുട്ടിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മന്നാർഗുഡിയിലെ രാജഗോപാലസ്വാമി ക്ഷേത്രത്തിലെ ആനക്കുട്ടിയാണ് സെങ്കമാലം. ബോബ് കട്ട് ചെയ്ത മുടിയാണ് സെങ്കമാലത്തിന്റെ പ്രത്യേകത. തലയിൽ നിന്ന് മസ്തകത്തിലേക്കിറങ്ങിക്കിടക്കുന്ന മുടി വൃത്തിയായി ചീകിയിട്ടിരിക്കുകയാണ്. സ്വന്തമായി ഫാൻസ് ക്ലബ് വരെയുള്ള ആനക്കുട്ടിയാണ് സെങ്കമാലം. ഇന്ത്യ മുഴുവൻ സെങ്കമാലത്തിന് ആരാധകരുണ്ട്. ബോബ് കട്ട് സെങ്കമാലമെന്നാണ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്.

2003 ൽ കേരളത്തിൽ നിന്നു രാജഗോപാലസ്വാമി ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നതാണ് സെങ്കമാലത്തിനെ. പാപ്പാനായ രാജഗോപാലാണ് ആനക്കുട്ടിയുടെ ഏറെ പ്രത്യേകതകളുള്ള മുടിയൊരുക്കത്തിനു പിന്നിൽ. ഒരിക്കൽ മുടിയേറെയുള്ള ഒരു ആനക്കുട്ടിയുടെ വിഡിയോ കാണാനിടയായി. അന്നു മുതലാണ് സെങ്കമാലത്തിന്റെ മുടി നീട്ടിവളർത്താൻ തുടങ്ങിയത്. ഏറെ ശ്രദ്ധയും പരിചരണവും നൽകിയാണ് ആനക്കുട്ടിയുടെ മുടി സംരക്ഷിക്കുന്നത്. വേനൽ കടുത്താൽ മൂന്ന് നേരമെങ്കിലും തല കഴുകും. മറ്റ് സമയങ്ങളിൽ ഒരു നേരം കുളിപ്പിച്ചാൽ മതി.

സെങ്കമാലം തനിക്ക് സ്വന്തം കുഞ്ഞിനെപ്പോലെയാണെന്നും പാപ്പാൻ രാജഗോപാൽ വ്യക്തമാക്കി. സെങ്കമാലത്തിന്റെ മുടി സംരക്ഷിക്കാനായി 45000 രൂപ വിലയുള്ള പ്രത്യേക ഷവറും പാപ്പാൻ ഏർപ്പെടുത്തിയിട്ടുണ്ട്. കടുത്ത വേനലിൽ തണുപ്പിക്കാനാണ് ഇതുപയോഗിക്കുന്നത്. ആനക്കുട്ടിക്ക് വ്യത്യസ്തത വേണമെന്നുള്ള തോന്നലാണ് സെങ്കമാലത്തിന്റെ ബോബ് കട്ടിനു പിന്നിൽ. ഇതു തന്നെയാണ് സെങ്കമാലത്തിനെ ആരാധകർക്കിടയിൽ പ്രിയങ്കരിയാക്കുന്നതും.

English Summary:  "Bob-Cut Sengamalam": An Elephant Famous For Her Unique Hairstyle