നദിക്കരയോടു ചേർന്നുള്ള ഉണങ്ങിയ മരത്തിന്റെ ശിഖരത്തിൽ ചുറ്റിപ്പിണഞ്ഞിരിക്കുന്ന അനാക്കോണ്ടയുടെ ദൃശ്യം കൗതുകമാകുന്നു. ബ്രസീലിലെ നാവിറായിൽ നിന്നുള്ളതാണ് ദൃശ്യം. അമാമ്പയ് നദിയിൽ മത്സ്യബന്ധനത്തിനിറങ്ങിയവരാണ് മരത്തിൽ പതുങ്ങിയിരിക്കുന്ന കൂറ്റൻ അനാക്കോണ്ടയുടെ ദൃശ്യം പകർത്തിയത്.

മഴക്കാടുകളിലും ചരുപ്പു നിലങ്ങളിലും ചെറിയ അരുവികളോടു ചേർന്നുള്ള തണുപ്പുള്ള പ്രദേശത്താണ് ഇവയുടെ വാസം. കാട്ടുപന്നികളും മാനുകളും പക്ഷികളുംമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. അവസരം കിട്ടിയാൽ ജഗ്വാറുകളെ വരെ അകത്താക്കാൻ ഇവയ്ക്ക് കഴിയും. ആമസോൺ മഴക്കാടുകളിൽ ഇവയെ ധാരാളമായി കാണാൻ കഴിയും. കരയിലും വെള്ളത്തിലും ഒരേപോലെ കഴിയാൻ അനാക്കോണ്ടകൾക്ക് കഴിയും.

എത്ര വലിയ ഇരയേയും വരിഞ്ഞുമുറുക്കി കൊല്ലാൻ ഇവയ്ക്ക് അധികം സമയം വേണ്ട. വലിയ ഇരയെ വിഴുങ്ങിയാൽ മാസങ്ങളോളം ഭക്ഷണമില്ലാതെ കഴിയാൻ ഇവയ്ക്കു കഴിയും. ഏകദേശം 10 വർഷമാണ് ഇവയുടെ ആയുർ ദൈർഘ്യം. ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിലൊന്നാണ് ഗ്രീൻ അനാക്കോണ്ടകൾ. പൂർണ വളർച്ചയെത്തിയ ഗ്രീൻ അനാക്കോണ്ടകൾ 30 അടിയോളം നീളവും 250 കിലോയോളം ഭാരവുമുണ്ടാകും. പെൺ അനാക്കോണ്ടകൾക്ക് ആൺ അനാക്കോണ്ടകളേക്കാൾ വലുപ്പവുമുണ്ടാകും.

English Summary: Giant Anaconda Wrapped Around the Tree