ഇരുണ്ട ചുവന്നു നിറത്തിലൊഴുകുന്ന നദിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നദിയിലെ മാറ്റം കണ്ട് ഭയന്നിരിക്കുകയാണ് പ്രദേശവാസികൾ.  റഷ്യയിലെ ഇസ്കിടിമ്കാ നദിനാണ് ഇരുണ്ട ചുവന്ന നിറത്തിൽ ഒഴുകിയത്. റഷ്യയിലെ നിരവധി നിരവധി നദികളിൽ നിറം മാറ്റം പ്രകടമായിരുന്നു. നിഗൂഢമായ ഏതോ രാസവസ്തു ജലത്തിൽ കലർന്നതാകാം നിറം മാറ്റത്തിനു പിന്നിലെന്നാണ് നിഗനമനം

റഷ്യയുടെ തെക്കുഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് ഇസ്കിടിമ്കാ. നദിയിലെ നിറം മാറ്റം വ്യാവസായിക നഗരമായ കെമിറോവോയിലെ ജനങ്ങളെയും അമ്പരപ്പിച്ചു. ചുവന്നൊഴുകുന്ന നദിയിലിറങ്ങാൻ താറാവുകൾ ഉൾപ്പെടെയുള്ള ജീവികൾ മടിക്കുന്നതു കണ്ടാണ് നഗരവാസികൾ മാറ്റം ശ്രദ്ധിച്ചത്. ഇവർ ചുവന്നൊഴുകുന്ന നദിയുടെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

രാസവസ്തുക്കൾ നിറഞ്ഞ മലിനജലം നദിയിലേക്കൊഴുക്കിയതാവാം ജലത്തിന്റെ നിറംമാറ്റത്തിനു പിന്നിലെന്നാണ് നിഗമനം. നദിയിൽ കലർന്ന രാസവസ്തു മനുഷ്യർക്ക് ഹാനികരമാണോ എന്ന് കണ്ടെത്തിയിട്ടില്ല. പടിഞ്ഞാറൻ റഷ്യയിലെ നാരോ ഫോമിൻസ്ക് നദിയും രാസവസ്തുക്കൾ പുറന്തള്ളിയതിനെ തുടർന്ന് അടുത്തിടെ ചുവന്നൊഴുകിയിരുന്നു. നദി ചുവന്നൊഴുകാനുള്ള കാരണം എന്താണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ അറിയിച്ചു.

English Summary: Local Horrified As River Turns Blood Red, Animals Refuse To Enter It