വയറുതുളച്ച് പുറത്തേക്കു തൂങ്ങിക്കിടക്കുന്ന സ്നേക്ക് ഈലുമായി പറക്കുന്ന കൊക്കിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. യുഎസിലെ മേരിലാൻഡിലുള്ള വന്യജീവി സങ്കേതത്തിൽ നിന്നു പകർത്തിയതാണ് ഈ വിചിത്രമായ ചിത്രങ്ങൾ. വന്യജീവി ഫൊട്ടോഗ്രഫറായ സാം ഡേവിസ് എന്ന 58കാരനാണ് ഈ അപൂർവ ചിത്രങ്ങൾ പകർത്തിയത്.

Image Credit: Sam Davis / Jam Press

കുറുക്കൻമാരുടെയും പരുന്തുകളുടെയുമൊക്കെ ചിത്രങ്ങൾ പകർത്താനെത്തിയതായിരുന്നു സാം ഡേവിസ്. അപ്പോഴാണ് കഴുത്തിൽ ചുറ്റിയ പാമ്പുമായി ഒരു കൊക്ക് നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത്. കൗതുകം തോന്നി അപ്പോൾ തന്നെ ആ ചിത്രങ്ങൾ പകർത്തി. കൊക്കിന്റെ കഴുത്തിൽ പിടിമുറുക്കിയത് പാമ്പാണെന്നാണ് സാം കരുതിയത്. എന്നാൽ വീട്ടിലെത്തി ചിത്രങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് സ്നേക്ക് ഈൽ വിഭാഗത്തിൽ പെട്ട മത്സ്യമാണ് തൂങ്ങിക്കിടക്കുന്നതെന്ന് മനസ്സിലായത്. മാത്രമല്ല കൊക്കിന്റെ വയർ തുളച്ചാണ് മത്സ്യം പുറത്തേക്ക് തൂങ്ങിക്കിടന്നതെന്ന കാര്യമാണ് സാം ഡേവിസിനെ കൂടുതൽ അമ്പരപ്പിച്ചത്.

ശരീരം തുളച്ചിറങ്ങിയ മത്സ്യവുമായായിരുന്നു കൊക്കിന്റെ യാത്ര. ഈ ചിത്രമാണ് സാം പകർത്തിയത്. സ്നേക്ക് ഈൽ മത്സ്യങ്ങളുടെ വാലിന്റെ അറ്റം കൂർത്ത് മൂർച്ചയേറിയതാണ്. വാലുപയോഗിച്ച് മണൽത്തിട്ടകള്‍ തുരന്ന് നദിയോടു ചേർന്നുള്ള ചെളിനിറഞ്ഞ പ്രദേശങ്ങളിലാണ് ഇവ വസിക്കുന്നത്. സ്നേക്ക് ഈലുകളെ ജീവനോടെ ആഹാരമാക്കിയാൽ ആ ജീവികൾക്ക് മരണമായിരിക്കും ഫലം .കാരണം മൂർച്ചയേറിയ വാലുകൊണ്ട് ശരൂരം തുളച്ച് രക്ഷപെടാൻ ഈലുകൾ ശ്രമിക്കും. അങ്ങനെ ഇരയാക്കിയ ജീവികൾ മരണപ്പെടുകയാണ് പതിവ്. ഇതു തന്നെയാണ് കൊക്കിന്റെ കാര്യത്തിലും സംഭവിച്ചത്. ജീവനോടെ വിഴുങ്ങിയ ഈൽ മത്സ്യം വയറിനകം തുരന്ന് പുറത്തേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു

എത്ര സമയം കൂടി കൊക്ക് ജീവിക്കുമെന്ന് വ്യക്തമല്ല. ക്ഷീണിതനായ കൊക്കിനെ ലക്ഷ്യമാക്കി  പരുന്തുകളും താഴെ കുറുക്കൻമാരും റോന്തുചുറ്റുന്നുണ്ടായിരുന്നു. അപൂവങ്ങളിൽ അപൂർവമായ ചിത്രമെന്നാണ് വിദഗ്ധർ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.

English Summary: Photographer captures snake eel bursting through heron’s stomach