ബെൽജിയത്തിൽ നടന്ന ലേലത്തിൽ ഒരു പ്രാവിനു ലഭിച്ച വില കേട്ട് അമ്പരന്നിരിക്കുകയാണ് ലോകം. ഒന്നും രണ്ടുമല്ല 14 കോടിയിലധികം രൂപയ്ക്കാണ് ന്യൂ കിം എന്ന് പേരുള്ള പ്രാവ് ലേലത്തിൽ വിറ്റുപോയത്. മത്സരത്തിനായി പ്രത്യേക പരിശീലനം ലഭിച്ച പ്രാവാണ് ന്യൂ കിം. മൂന്നു വയസ്സാണ് ന്യൂ കിമ്മിന്റെ പ്രായം.

ബെൽജിയത്തിലെ പീജിയൻ പാരഡൈസ് എന്ന ലേല കമ്പനിയാണ് പ്രാവിനെ ലേലത്തിനു വച്ചത്. കഴിഞ്ഞവർഷം നടന്ന ലേലത്തിൽ അർമാൻഡോ എന്നു പേരുള്ള പ്രാവിന് 11 കോടി രൂപയിലധികം ലേലത്തുകയായി ലഭിച്ചിരുന്നു. ആ തുകയും മറികടന്നാണ് ന്യൂ കിമ്മിനെ ചൈനയിൽനിന്നുള്ള രണ്ടു പേർ ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ പുതിയ ഉടമസ്ഥർ യഥാർത്ഥ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം കഴിഞ്ഞവർഷം അർമാൻഡോയെ ലേലത്തിൽ വാങ്ങിയ അതേ വ്യക്തി തന്നെയാണ് ന്യൂ കിമ്മിനെയും സ്വന്തമാക്കിയതെന്നാണ് വിവരം.

പ്രാവ് വിൽപനയിൽ ലോകത്തിലെതന്നെ റെക്കോർഡ് തുകയാണ് ന്യൂ കിമ്മിന് ലഭിച്ചിരിക്കുന്നതെന്ന് പീജിയൻ പാരഡൈസിന്റെ ചെയർമാനായ നിക്കോളാസ് പറയുന്നു. മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനു വേണ്ടി മാത്രം ഇരുപതിനായിരത്തിൽ പരം ബ്രീഡർമാരാണ് ബെൽജിയത്തിൽ പ്രാവുകളെ വളർത്തുന്നത്. 445 പ്രാവുകളെയാണ് രണ്ടാഴ്ച നീണ്ടു നിന്ന ലേലത്തിൽ പീജിയൻ പാരഡൈസ് വിൽപ്പനയ്ക്കു വച്ചത്. 44 കോടി രൂപ രൂപ പ്രാവുകളുടെ ആകെത്തുകയായി ലഭിച്ചു.

2018 ഫ്രാൻസിൽ നടന്ന എയ്സ് പിജിയൻ ഗ്രാൻഡ് നാഷണൽ മിഡിൽ ഡിസ്റ്റൻസ് മത്സരത്തിൽ  ഒന്നാം സ്ഥാനം നേടിയ പ്രാവാണ് ന്യൂ കിം. പ്രാവുകളുടെ പറക്കൽ മത്സരത്തിന് ചൈനയിൽ പ്രചാരമേറെയാണ്. നൂറ്റാണ്ടുകൾക്കു മുൻപുതന്നെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും  പ്രാവുകളെ ചൈനയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു എന്നാണ് രേഖകൾ.

English Summary: Racing pigeon sells for world record $1.4m to mystery Chinese buyer at auction in Belgium