വരിഞ്ഞു മുറുക്കുന്ന ബ്ലാക് മാമ്പയുടെ പിടിയിൽ നിന്നും പരുന്തിനെ പിടിക്കാൻ ശ്രമിക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യം കൗതുകമാകുന്നു. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിനു സമീപമുള്ള സാബി സാൻഡിൽ നിന്നും പകർത്തിയതാണ് ഈ ദൃശ്യം. 2016ൽ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വീണ്ടും ജനശ്രദ്ധനേടുകയായിരുന്നു.

അപൂർവ പോരാട്ടത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പക്ഷിയും പാമ്പും മൃഗവും ചേർന്നുള്ള അപൂർവ പോരാട്ടത്തിനാണ് കാണികൾ സാക്ഷ്യം വഹിച്ചത്. പരുന്തുകൾ സാധാരണയായി പാമ്പുകളെ ആഹാരമാക്കാറുണ്ട്. അങ്ങനെയാകാം കൊടിയ വിഷപ്പാമ്പായ ബ്ലാക് മാമ്പയെ തവിട്ടു നിറത്തിലുള്ള പരുന്ത് പിടിച്ചത്.  എന്നാൽ ഇരപിടുത്തം പരുന്തിനു തന്നെ വിനയായി. കൂറ്റൻ വിഷപ്പാമ്പ് പരുന്തിനെ വരിഞ്ഞു മുറുക്കിയതോടെ സംഭവം മാറിമറിഞ്ഞു. ഇതിനിടയിലേക്കാണ് പുള്ളിപ്പുലിയും കുഞ്ഞും കൂടി അവിടേക്കെത്തിയത്.

പാമ്പിന്റെ പിടിയിൽ നിന്നും പരുന്തിനെ പിടിക്കാനായിരുന്നു പുള്ളിപ്പുലിയുടെ ശ്രമം. എന്നാൽ ഏറെനേരം ശ്രമിച്ചിട്ടും പരുന്തിനെ ബ്ലാക് മാമ്പയുടെ പിടിയിൽ നിന്നും വേർപെടുത്താനായില്ല. ഒരു ഘട്ടത്തിൽ ബ്ലാക് മാമ്പ പുള്ളിപ്പുലിയെ ആക്രമിക്കുന്നതും ദൃശ്യത്തിൽ കാണാം. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം പരുന്തിനെ ഒഴിവാക്കി പുള്ളിപ്പുലി കാട്ടിലേക്ക് മറയുകയും ചെയ്തു. 

English Summary: Leopard Finds an Eagle Entangled With a Black Mamba