ബുദ്ധ സന്യാസിമാർ വളർത്തിയിരുന്ന മൂന്ന് നായ്ക്കുട്ടികളെ അകത്താക്കിയ പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി. ഗുഹാ ക്ഷേത്രത്തിനുള്ളിൽ കടന്നാണ് കൂറ്റൻ പെരുമ്പാമ്പ് നായ്ക്കുട്ടികളെ അകത്താക്കിയത്. തായ്‌ലൻഡിലെ സാറാബുരിയിലാണ് സംഭവം നടന്നത്. കാണാതായ നായ്ക്കുട്ടികളെ തിരയുന്നതിനിടയിലാണ് ഗുഹയ്ക്കുള്ളിൽ പതുങ്ങിയിരുന്ന 12 അടിയോളം നീളം വരുന്ന കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്.

ഇരവിഴുങ്ങി കിടക്കുന്ന കൂറ്റൻ പെരുമ്പാമ്പിനെ കണ്ടവർ ഭയന്നു. ആക്രമിക്കുമെന്നു തോന്നിയതിനാൽ ആരും അടുത്തേക്ക് പോകാൻ ധൈര്യപ്പെട്ടില്ല. വിവരമറിഞ്ഞെത്തിയ പൊലീസും പാമ്പുപിടുത്ത വിദഗ്ധരും രക്ഷാപ്രവർത്തകരും ചേർന്നാണ് ഗുഹാക്ഷേത്രത്തിനുള്ളിൽ നിന്നും പാമ്പിനെ പിടികൂടിയത്. ഗുഹയ്ക്കുള്ളിൽ നിന്നും പുറത്തെത്തിച്ച കൂറ്റൻ പാമ്പിനെ കാണാൻ ജനങ്ങൾ തടിച്ചുകൂടിയിരുന്നു.

ഗുഹയ്ക്കുള്ളിലേക്ക് പാമ്പ് എങ്ങനെയാണെത്തിയതെന്ന് വ്യക്തമല്ല. ഗുഹാക്ഷേത്രത്തിലെ ബുദ്ധസന്യാസിമാർ വളർത്തിയിരുന്ന നായ്ക്കുട്ടികളെയാണ് പാമ്പ് അകത്താക്കിയത്. ക്ഷേത്ര പരിസരത്തുകൂടി നടക്കുകയായിരുന്ന നായ്ക്കുട്ടികളെ ഓരോന്നോയി പാമ്പ് വരിഞ്ഞുമുഖുക്കി കൊലപ്പെടുത്തിയ ശേഷം വിഴുങ്ങിയതാകാമെന്നാണ് നിഗമനം.

പുറത്തെത്തിച്ച പാമ്പിന്റെ മുകളിലേക്ക് ശക്തിയായി വെള്ളം ചീറ്റിച്ചതോടെ വിഴുങ്ങിയ നായ്ക്കുട്ടികളെ ഓരോന്നിനെയായി പുറത്തേക്ക് ഛർദ്ദിച്ചു. പാമ്പിനെ പിന്നീട് രക്ഷാപ്രവർത്തകർ ചാക്കിലാക്കി ദൂരെയുള്ള വനത്തിനുള്ളിൽ തുറന്നുവിട്ടു. നായ്ക്കുട്ടികളുടെ ജഢം ബുദ്ധസന്യാസിമാർ സംസ്ക്കരിക്കുകയും ചെയ്തു.