ബ്രിട്ടിഷ് രാജകുടുംബത്തിന്റെ പ്രിയപ്പെട്ട വളർത്തുനായ ആയിരുന്ന ലൂപോ ഓർമയായി. വില്യം രാജകുമാരനും ഭാര്യ കേയ്‌റ്റും സമൂഹ മാധ്യമങ്ങളിലൂടെയാണ് ലൂപോ മരണമടഞ്ഞ വിവരം അറിയിച്ചത്. കോക്കർ സ്പാനിയൽ ഇനത്തിൽപ്പെട്ട നായയായിരുന്നു ലൂപോ.

ലൂപോയുടെ ചിത്രത്തിനൊപ്പമാണ് രാജകുടുംബം വിയോഗവാർത്ത പങ്കുവച്ചത്. ഒമ്പത് കൊല്ലമായി കുടുംബത്തിലെ അംഗമായിരുന്നു ലൂപോ എന്നും രാജകുടുംബം കുറിക്കുന്നു. 2012ലാണ് ലൂപോയെ വില്യം രാജകുമാരൻ ഇവിടേക്ക് കൊണ്ടുവന്നത്. കേയ്റ്റിന്റെ മാതാപിതാക്കളുടെ വളർത്തുനായയായ എല്ലെയാണ് ലൂപോയുടെ അമ്മ. കേയ്റ്റിന്റെ സഹോദരനായ ജെയിംസ് മിഡിൽടണും ലൂപോയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. ലൂപോയെ എന്നും ഓർമ്മിക്കുമെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട രാജകുടുംബത്തിന്റെ ചിത്രങ്ങളിൽ പലതിലും ലൂപോയും സാന്നിധ്യമറിയിച്ചിരുന്നു. ഇതിനു പുറമേ ലൂപോയെ കേന്ദ്രകഥാപാത്രമാക്കി കുട്ടികൾക്കായുള്ള കഥാ പുസ്തകങ്ങളും ഇംഗ്ലണ്ടിൽ പുറത്തിറങ്ങിയിട്ടുണ്ട്. 'ലൂപോ: ദ അഡ്വഞ്ചേഴ്സ് ഓഫ് എ റോയൽ ഡോഗ്' എന്ന പേരിലാണ് പുസ്തകം പുറത്തിറക്കിയത്.

English Summary: Prince William And Kate Say Goodbye To Their Family Dog "Lupo"