ബംഗാൾ കടുവയും കൂറ്റൻ കരടിയും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന്റെ ദൃശ്യം കൗതുകമാകുന്നു. മഹാരാഷ്ട്രയിലെ തഡോബ അന്ധേരി ദേശീയപാർക്കിലാണ് അപൂർവ സംഭവം നടന്നത്. 1700 കിലോമീറ്ററോളം വിസ്തീർണമുള്ള തഡോബ അന്ധേരി ദേശീയപാർക്ക് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രമാണ്. വന്യജീവി ഫൊട്ടോഗ്രഫറും ഗൈഡുമായ അർപിത് പരേഖ് ആണ് അപൂർവ ചിത്രങ്ങളും ദൃശ്യവും ക്യാമറയിൽ പകർത്തിയത്.

വിനോദ സഞ്ചാരികളുടെ സംഘവുമായി സഫാരിക്കിറങ്ങിയതായിരുന്നു അർപിതും സംഘവും. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനു സമീപത്താണ് അപൂർവ പോരാട്ടം അരങ്ങേറിയത്. ഇടതൂർന്നു നിൽക്കുന്ന പുല്ലുകൾക്ക് സമീപം ഉച്ചമയക്കത്തിലായിരുന്ന കടുവ പെട്ടെന്ന് അക്രമാസക്തനാകുന്നത് കണ്ടാണ് വിനോദ സഞ്ചാരികളുടെ സംഘം അവിടേക്ക് ശ്രദ്ധിച്ചത്. അവിടേക്കെത്തിയ കൂറ്റൻ കരടിയെയാണ് കടുവ ആക്രമിച്ചത്. തടാകത്തിനു സമീപമാണ് മൃഗങ്ങളുടെ വാശിയേറിയ പോരാട്ടം നടന്നത്. 

കരടിയുടെ ശരീരത്തിനുമുകളിൽ  കയറി അതിന്റെ ശരീരത്തിലേക്ക് പല്ലുകൾ ആഴ്ത്തുന്ന കടുവയെ കണ്ടപ്പോൾ ഒരു ഘട്ടത്തിൽ കരടിക്ക് ജീവൻ നഷ്ടമാകുമെന്ന് വരെ വിനോദസഞ്ചാരികൾക്ക് തോന്നി. എന്നാൽ കരടിയും ചെറുത്തു നിൽപ് തുടങ്ങിയതോടെ കടുവ ക്ഷീണിതനായി. ഏറ്റവും അപകടകാരികളായ കരടികളാണ് സ്ലോത്ത് കരടികൾ. ഈ വിഭാഗത്തില്‍ പെട്ട കൂറ്റൻ കരടിയുമായിട്ടായിരുന്നു കടുവയുടെ വാശിയേറിയ പോരാട്ടം.

കടുവയുടെ കടിയേറ്റ് ആഴത്തിൽ മുറിവേറ്റ കരടിയും വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. പിന്നീടു നടന്ന വാശിയേറിയ പോരാട്ടത്തിൽ കടുവയുടെ മുൻകാലുകളിൽ കടിച്ചു മുറിവേൽപിച്ചു. ഏരദേശം അരമണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ ക്ഷീണിച്ച മൃഗങ്ങൾ മെല്ലെ പിൻമാറുകയായിരുന്നു. ഇരുമൃഗങ്ങൾക്കും പോരാട്ടത്തിനിടയിൽ സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് വിനോദസഞ്ചാരികൾ വ്യക്തമാക്കി.

English Summary: Moment huge Bengal tiger battles ‘world’s deadliest bear’