മനുഷ്യന്റെ ഏറ്റവും നല്ല കൂട്ടുകാരന്‍ നായയാണെന്ന് പറയാം. മറിച്ചും അങ്ങനെയാകാമെന്ന് തെളിയിക്കുകയാണ് ഫ്രഞ്ചുകാരായ ഡൊമിനിക്കും നതാലിയും. ചെറിയൊരു ബോട്ടില്‍ ലോകം ചുറ്റാനിറങ്ങിയ ഇരുവരും കൊച്ചിയിലെത്തിയത് ഫെബ്രുവരിയിലാണ്. ഇവർ തിരിച്ചു പോകുന്നത് പുതിയൊരു കൂട്ടുകാരനെയും കൊണ്ടാണ്. 

നാല് വര്‍ഷം മുന്‍പ് ബോട്ടില്‍ ലോകം ചുറ്റാനിറങ്ങിയപ്പോള്‍ ഡൊമിനിക്കിനും കൂട്ടുകാരി നതാലിയക്കും ഒരു ലക്ഷ്യം മാത്രമെയുണ്ടായിരുന്നുള്ളു, പരമാവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുക. ലാറ്റിന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പിന്നിട്ട് പത്ത് മാസം മുന്‍പാണ് കൊച്ചിയിലെത്തിയത്. ലോക്ഡൗണില്‍ യാത്ര മുടങ്ങി. തുടര്‍ന്നുള്ള ദിവസങ്ങള്‍ തള്ളിനീക്കിയത് കൊച്ചി മറീനയില്‍. അപ്രതീക്ഷിതമായാണ് ഇവർക്ക് ഒരു നായ്ക്കുട്ടിയെ കിട്ടിയത്. ആരോ അടിച്ചവശനാക്കി, വടി കൊണ്ട് കണ്ണില്‍ കുത്തിയ നിലയിലാണ് നായ്ക്കുട്ടിയെ കണ്ടെത്തിയത്. ആ മിണ്ടാപ്രാണിയുടെ വേദന ഇവര്‍ക്ക് സഹിക്കാനായില്ല. സ്വന്തം കുഞ്ഞിനെ പോലെ അവർ അവനെ പരിചരിച്ചു, ബോട്ടില്‍ അഭയം നല്‍കുകയും ചെയ്തു. ഇപ്പോൾ നായ്ക്കുട്ടി വളർന്നു. കണ്ണിനേറ്റ പരുക്കിൽ ഒരു കണ്ണിന്റെ കാഴ്ചശക്തിയും നഷ്ടമായിട്ടുണ്ട്. എങ്കിലും ഇവരുടെ സ്നേഹത്തണലിൽ അവൻ സുരക്ഷിതനാണ്.

ഫ്രാന്‍സിലേക്ക് തിരികെ പോകാന്‍ തീരുമാനിച്ചപ്പോള്‍ ബൊനമിനെ എന്ത് ചെയ്യുമെന്നായിരുന്നു ആശങ്ക. നായയെയും കൊണ്ടുള്ള യാത്ര എളുപ്പമാകില്ലെന്നറിയാം പക്ഷേ ഇവിടെ ഉപേക്ഷിച്ച് പോകാന്‍ ഇവർ തയാറല്ല. നായയെ യാത്രയിൽ കൂടെ കൂട്ടാൻ തന്നെയാണ് ഇവരുടെ തീരുമാനം. കോവിഡ് പ്രതിസന്ധി മാറിക്കഴിഞ്ഞാല്‍ ബൊനമിനെയും കൂട്ടി ഒരിക്കല്‍ കൂടി കേരളത്തില്‍ വരണമെന്നാണ് ഇവരുടെ ആഗ്രഹം.

English Summary: Bonam, the stray dog adopted by French couple