തമിഴ്നാട്ടിലെ നീലഗിരിയിലെ കൊലയാളി കാട്ടുകൊമ്പനെ മലപ്പുറം നിലമ്പൂർ മുണ്ടേരി വനത്തില്‍ കണ്ടെത്തി. ആനയെ മയക്കുവെടിവെച്ച് പിടിക്കാനായി തമിഴ്നാട്ടില്‍ നിന്നടക്കം സംഘം നിലമ്പൂര്‍ വനമേഖലയില്‍ എത്തിയിട്ടുണ്ട്. 3 പേരെ കൊന്ന കാട്ടാനയാണ് മുണ്ടേരി വനത്തിലെ കുമ്പളപ്പറ ആദിവാസി കോളനിക്ക് സമീപത്ത് എത്തിയത്. ഒപ്പം മറ്റു കാട്ടാനകളുടെ സാന്നിധ്യവുമുണ്ട്. 

കോളനിയിൽ നിന്നു 300 മീറ്റർ അകലെ ചാലിയാറിനക്കരെയാണ് ആദ്യം ആനയെ കണ്ടത്. ഗൂഢല്ലൂര്‍ കൊളപ്പള്ളിയിലും കണ്ണൻവയലിലും 3 പേരുടെ ജീവനെടുത്ത ആന പന്തല്ലൂർ ഗ്ലെൻ റോക്ക് വനത്തിലൂടെ നിലമ്പൂർ മുണ്ടേരി വനത്തിലേക്ക് കടന്നതായി സ്ഥിരീകരിച്ചിരുന്നു. സ്ഥിരം കൊലയാളിയായ കാട്ടാന എത്തുന്നതിന്റെ ഭീതിയിലാണ് വനമേഖലയിലെ ആദിവാസി കോളനികളെല്ലാം.

കേരള- തമിഴ്നാട് വനപാലകരുടെ സംയുക്ത സംഘം ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ ദിവസം കോളനി പരിസരത്ത് വനമേഖലയിൽ കണ്ടതായി ആദിവാസികൾ വനപാലകരെ അറിയിച്ചിരുന്നു. മയക്കുവെടി വച്ച് പിടികൂടാനാണ് നീക്കം. തമിഴ്നാട് വനം വകുപ്പിന്റെ വിദഗ്ധ സംഘവും 4 താപ്പാനകളും 40 ജീവനക്കാരും സ്ഥലത്ത് ക്യാംപ് ചെയ്തിട്ടുണ്ട്.

English Summary: Wild elephant trigger panic in Munderi forest