വടക്കന്‍ പറവൂര്‍ വെടിമറ കാഞ്ഞിരപ്പറമ്പില്‍ വീട്ടില്‍ ഹൈറയ്ക്കൊരു കുഞ്ഞ് പിറന്നു. പേര് ആദം. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു. ഇതിലെന്താണിത്ര പുതുമയെന്നല്ലേ. തൗസീഫിന്റെ വീട്ടിലെ കുതിരകളാണ് ആദവും ഹൈറയും. ആദത്തിന്റെ ജനനം വെടിമറയിലാകെ പാട്ടാണ്. നാട്ടുകാരെല്ലാം കുഞ്ഞിനെ കാണാനുള്ള തിരക്കിലാണ്. കുട്ടിക്കൂട്ടമാണ് ഏറെയും.

വെള്ളക്കുതിരിയാണ് ഹൈറ. കുഞ്ഞിന് കറുപ്പും വെള്ളയും ചേര്‍ന്ന നിറമാണ്. കുട്ടികളിലാരോ ആണ് ഹൈറയുടെ കുഞ്ഞിന് ആദം എന്നു പേരിട്ടത്. കാണാനെത്തുന്ന കുട്ടികളെയൊന്നും ആദം നിരാശപ്പെടുത്താറില്ല. ആര് വിളിച്ചാലും കൂടെ പോവും. ഇടയ്ക്ക് പാല് കുടിക്കാന്‍ സമയമാകുമ്പോള്‍ അമ്മയ്ക്കരികിലേക്ക് വരും.

കാഞ്ഞിരപ്പറമ്പ് തൗസീഫിന്റെ വീട്ടിലെ അരുമയാണ് ഹൈറ. ചൊവ്വ പുലച്ചെയായിരുന്നു ഹൈറ ആദത്തിന് ജന്‍മം നല്‍കിയത്. രണ്ട് ദിവസം മുന്‍പ് തന്നെ പ്രസവത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. വെടിമറയിലെ സ്റ്റാലിയന്‍ ഹോഴ്സ് റെയ്ഡിങ് അക്കാദിമിയുടെ അമരക്കാരനാണ് തൗസീഫ്. 9 കുതിരകളുണ്ടായിരുന്നു തൗസീഫിന് കോവിഡ് കാലത്ത് പ്രതിസന്ധിയിലായതോടെ നാലെണ്ണത്തെ വിറ്റു. അവശേഷിക്കുന്ന അഞ്ചെണ്ണത്തില്‍ തമിഴ് നാട്ടില്‍ നിന്ന് എത്തിച്ച കുതിരയാണ് ഹൈറ.