മിണ്ടാപ്രാണികളോടുള്ള ക്രൂരത തുടർക്കഥയാകുന്നു. ഏറ്റവുമൊടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവം ഉത്തർപ്രദേശിലാണ്. ഒരു സംഘം യുവാക്കൾ ചേർന്ന് ‍ദേശീയ ജലജീവിയായ ഗംഗ ‍ഡോൾഫിനെ തല്ലിക്കൊല്ലുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇരുമ്പുദണ്ഡുകളും വടിയുമുപയോഗിച്ചാണ് അതിക്രൂരമായി ഡോൽഫിനെ അടിച്ചു കൊന്നത്. ദൃശ്യം പുറത്തുവരികയും ചർച്ചയാകുകയും ചെയ്തതോടെ സംഭവവുമായി ബന്ധപ്പെട്ട മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. 

ഡിസംബർ 31നാണ് ഒരു കൂട്ടം യുവാക്കൾ ചേർന്ന് ഗംഗാ ഡോൾഫിനെ തല്ലിക്കൊന്നത്. കരയിലുള്ള ചിലർ ഡോൾഫിനെ ആക്രമിക്കരുതെന്ന് പറയുന്നുണ്ടായിരുന്നെങ്കിലും ഇവർ കേട്ടില്ല. അടിയേറ്റു കിടക്കുന്ന ഡോൾഫിന്റെ ശരീരത്തിൽനിന്ന് രക്തം വാർന്നൊഴുകുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. സംരക്ഷിത വിഭാഗത്തിൽപെട്ട ജീവികളാണ് ഗംഗ ഡോൾഫിനുകൾ.

രക്തമൊഴുകുന്നതിനിടെയും ഡോൾഫിനെ കോടാലിവച്ച് ആക്രമിക്കുകയും ശരീരത്തിൽ വീണ്ടും വടികൊണ്ടടിക്കുന്നുമുണ്ടായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേക്കും ഡോൾഫിന്റെ ജീവനറ്റ ശരീരമാണ് കണ്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സമീപത്തു കൂടിനിന്നവരോട് വിവരങ്ങൾ തേടിയെങ്കിലും നടന്നതെന്തെന്ന് തുറന്നുപറയാൻ ആരും തയാറായില്ല.

English Summary: Gangetic Dolphin Beaten To Death In UP, 3 Arrested