രാജവെമ്പാലയെ പിടികൂടുന്നതിനിടയിൽ പാമ്പിന്റെ കടിയേൽക്കാതെ പാമ്പുപിടുത്തക്കാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്. കർണാടകയിലെ ഷിവമോഗയിലാണ് സംഭവം നടന്നത്. അരുവിയിലേക്ക് വീണുകിടക്കുന്ന മരത്തിന്റെ വേരുകൾക്കിടയിലായാണ് രാജവെമ്പാല ഒളിച്ചത്. വാല്‍ ഭാഗത്ത് പിടികിട്ടിയെങ്കിലും മരത്തടിയിൽ നിന്നു പിടിക്കാൻ ശ്രമിച്ച പാമ്പുപിടുത്തക്കാരനെ പാമ്പ് പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.

പെട്ടെന്നുള്ള ആക്രമണത്തിൽ പതറിയ ഇയാൾ കൈയിലിരുന്ന വടികൊണ്ട് പാമ്പിനെ തടുത്തു. കടിക്കാൻ ശ്രമിക്കുന്ന പാമ്പിനെ കൈകൊണ്ട് തട്ടിമാറ്റുകയും ചെയ്തു. ഇതിനിടയിൽ വെള്ളത്തിലേക്കു വീണ പാമ്പുപിടുത്തക്കാരൻ എങ്ങനെയെക്കെയൊ പാമ്പിന്റെ തലഭാഗത്ത് പിടികൂടുകയായിരുന്നു. രണ്ട് പാമ്പുപിടുത്തക്കാരും ചേർന്നാണ് പാമ്പിനെ കീഴടക്കിയത്. തലനാരിഴയ്ക്കാണ് ഇയാൾ രാജവെമ്പാലയുടെ കടിയേൽക്കാതെ രക്ഷപെട്ടതെന്ന് ദൃശ്യത്തിൽ വ്യക്തമാണ്.

പാമ്പുകളുടെ രാജാവെന്നാണ് രാജവെമ്പാലകൾ അറിയപ്പെടുന്നത്. ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയ്ക്ക് ഒരു മനുഷ്യനെ കൊല്ലാൻ ആവശ്യമായതിന്റെ പത്തിരട്ടി വിഷം സ്രവിപ്പിക്കാൻ കഴിയും. എല്ലാ കടികളും മരണത്തിനു കാരണമാവാൻ സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വിഷപാമ്പായ രാജവെമ്പാലയാണ് ഇന്ത്യയുടെ ദേശീയ ഉരഗജീവിയും. സർപ്പരാജാവ് എന്ന പദവിയും രാജവെമ്പാലയ്‌ക്കാണ്. പതിനെട്ടടിടിയോളം വളരുന്ന രാജവെമ്പാലയുടെ ശരീരത്തിന് ചാരമോ കറുപ്പോ ഇരുണ്ട ഒലിവു നിറമോ മഞ്ഞകലർന്ന തവിട്ടുനിറമോ ആയിരിക്കും. അതിൽ വെള്ളയോ മഞ്ഞയോ വളയങ്ങളുണ്ടാകും. കാലാവസ്‌ഥപരവും ഭൂമിശാസ്‌ത്രപരമായും ഉള്ള വർണവ്യതിയാനം സാധാരണമാണ്. ഉദാഹരണത്തിന് അരുണാചൽ പ്രദേശിൽ കാണുന്ന പൂർണ വളർച്ചെയെത്തിയ രാജവെമ്പാലയ്‌ക്കു വളയങ്ങളൊന്നുമില്ലാതെ നേർത്ത നീലകലർന്ന കറുപ്പു നിറമാണ്.  

ഇടതൂർന്ന അടിക്കാടുകളുള്ള വനങ്ങളിലും ഈറ്റ, മുളങ്കാടുകളിലും മറ്റു നിത്യഹരിത വനങ്ങളിലും അർധനിത്യ ഹരിതവനങ്ങളിലും ഇലപൊഴിയും കാടുകളിലുമെല്ലാം രാജവെമ്പാല കാണപ്പെടുന്നു. പാമ്പുകളാണ് പ്രധാന ആഹാരം. തരംകിട്ടിയാൽ ഉടുമ്പിനെയും മറ്റും അകത്താക്കും. ശരീരത്തിന്റെ മൂന്നിലൊന്ന് ഭാഗം ഉയർത്താനും ആ നിലയിൽതന്നെ വളരെ മുന്നോട്ടാഞ്ഞ് ഇരയെ ആക്രമിക്കാനും കഴിയും. മുട്ടയിടാനായി കൂടുണ്ടാക്കുന്ന ഒരേയൊരു പാമ്പും രാജവെമ്പാലയാണ്. കരിയിലകൾ കൂട്ടി കൂടുണ്ടാക്കിയാണു മുട്ടയിടുന്നത്. മുട്ട വിരിയുന്നതുവരെ അമ്മ മുട്ടകൾക്കൊപ്പം കഴിയും. പത്തി ഉയർത്തിനിൽക്കുന്ന സ്വഭാവമുണ്ടെങ്കിലും ഫണത്തിനു മൂർഖന്റേതുപോലെ അഴകോ ഗാംഭീര്യമോ ഇല്ല.

ഓരോ കടിയിലും ഏൽപിക്കുന്ന വിഷത്തിന്റെ അളവ് കൂടുതലായതിനാൽ വളരെ പെട്ടെന്നുതന്നെ മരണം സംഭവിക്കും. നാഡീവ്യൂഹത്തെയാണ് ഈ വിഷം ബാധിക്കുക. ഇതിനുള്ള പ്രതിവിഷം തായ്‌ലൻഡിൽ മാത്രമേ ഇപ്പോൾ നിർമിക്കുന്നുള്ളൂ. പക്ഷേ, കൊടുംകാടുകളിൽ വസിക്കുന്നതിനാൽ മനുഷ്യനുമായുള്ള സമ്പർക്കം കുറയുന്നതുകൊണ്ടു സ്വാഭാവിക സാഹചര്യങ്ങളിൽ രാജവെമ്പാലയുടെ കടിയേറ്റുള്ള മരണം അപൂർവമാണ്. ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, ഇന്ത്യ, ദക്ഷിണ ചൈന, ഫിലിപ്പീൻസ്, ഇന്തോനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മഴക്കാടുകളിൽ ഇവയുടെ സാന്നിദ്ധ്യമുണ്ട്. കേരളത്തിൽ പശ്‌ചിമഘട്ടമലനിരകളിൽ രാജവെമ്പാലയെ കാണാം. പൂർണ്ണവളർച്ചയെത്തിയാൽ 18 അടിയോളം നീളം ഉണ്ടാകാം.

English Summary: Snake Catcher Narrowly Avoids Being Bitten By King Cobra In Karnataka