അസാമാന്യ ധൈര്യം കൊണ്ട് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് 12 വയസുകാരൻ. മൈസൂരുവിലെ കടക്കോളയ്ക്ക് സമീപത്തെ ബീരഗൗഡനഹുണ്ഡി ഗ്രാമത്തിലാണ് സംഭവം നടന്നത്. 12 വയസ്സുകാരനായ നന്ദൻ കുമാർ ആണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപെട്ടത്.

നന്ദൻ കുമാർ അച്ഛന്റെ ഫാംഹൗസിൽ കന്നുകാലികൾക്ക് തീറ്റകൊടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. അച്ഛൻ രവിയും ഒപ്പമുണ്ടായിരുന്നു. കന്നുകാലികൾക്ക് പുല്ല് നൽകിക്കൊണ്ടിരുന്നപ്പോളാണ് വൈക്കോലിനുള്ളിൽ ഒളിച്ചിരുന്ന പുലി നന്ദന്റെ മുകളിലേക്ക് ചാടിവീണത്. തോളിലും കഴുത്തിലും പുലിയുടെ കടിയേറ്റു. നന്ദന്റെ അച്ഛൻ സമീപത്തു തന്നെ ഉണ്ടായിരുന്നെങ്കിലും നിസഹായനായിരുന്നു. സഹായത്തിനായി അലറിവിളിച്ചതിനൊപ്പം ധൈര്യം കൈവിടാതെ പുലിയുടെ കണ്ണിൽ തള്ളവിരൽ ശക്തിയായി കുത്തിയിറക്കിയാണ് നന്ദൻ പുലിയുടെ പിടിയിൽ നിന്നും രക്ഷപെട്ടത്.

തോളിൽ കടിച്ച പുലിയുടെ കണ്ണിലാണ് നന്ദൻ കുമാർ കൈവിരൽ കുത്തിയിറക്കിയത്. പ്ര്യത്യാക്രമണത്തിൽ പതറിയ പുള്ളിപ്പുലി പെട്ടെന്ന്  പിടിവിട്ട് കാട്ടിലേക്ക് ഓടിമറഞ്ഞു. തോളിന് കടിയേറ്റ നന്ദനെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണംചെയ്തുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അസാധാരണ ധൈര്യത്തോടെ പുള്ളിപ്പുലിയെ നേരിട്ട നന്ദൻ കുമാറിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങൾ.

English Summary: Boy pierces leopard's eye, escapes attack