മനുഷ്യരുമായി ഏറെ അടുപ്പമുള്ള ജീവികളാണ് നായകൾ. അതുപോലെ തന്നെ ബുദ്ധിയുടെ കാര്യത്തിലും ഇവ ഒട്ടും പിന്നിലല്ല.  അങ്ങനെയുള്ള ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. നായ്ക്കളുടെ വിവേകം പലപ്പോഴും മനുഷ്യരെ അദ്ഭുതപ്പെടുത്താറുണ്ട്.

അത്തരമൊരു ദൃശ്യമാണ് കഴിഞ്ഞ ദിവസം കാനഡയിൽ നിന്നും പുറത്തുവന്നത്. ഒട്ടാവയിലെ സ്വിറ്റ്‌സ്‌വില്ലയിലാണ് സംഭവം നടന്നത്. പതിവുപോലെ ഹാലെ മൂർ എന്ന യുവതി തന്റെ വളർത്തുനായ ക്ലോവറുമായി രാവിലെ നടക്കാനിറങ്ങിയതായിരുന്നു. പെട്ടെന്നാണ് യുവതി ബോധംകെട്ട് റോഡിൽ വീണത്.

ഉടമയ്ക്ക് അപകടം സംഭവിച്ചുവെന്ന് തിരിച്ചറിഞ്ഞ നായ റോഡിനു നടുവിൽ ഇറങ്ങി നിന്ന് വാഹനം തടഞ്ഞു നിർത്തിയാണ് ഉടമയെ രക്ഷിച്ചത്. റോഡിനു നടുവിൽ നിന്ന് നായ കുരയ്ക്കുന്നത് കണ്ട് വാഹനം നിർത്തി ഡ്രൈവർ ശ്രദ്ധിച്ചപ്പോഴാണ് വഴിയരികിലായി ബോധംകെട്ടു കിടക്കുന്ന യുവതിയെ കണ്ടത്. ഉടൻ തന്നെ ഡ്രൈവർ സമീപത്തുള്ള വീട്ടുകാരെ വിവരമറിയിച്ച ശേഷം മെഡിക്കൽ  തേടി. ആളുകൾ സഹായത്തിനെത്തിയിട്ടും ഉടമയെ വിട്ടുപോകാൻ ക്ലോവർ മടിച്ചു. സമീപത്തുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞ ഈ രംഗങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

പാരാമെഡിക്കൽ സംഘം എത്തിയതോടെ അവിടെയുണ്ടായിരുന്ന മറ്റൊരു യുവതിയുടെ സഹായം തേടി നായ ഉടമയുടെ വീട്ടിലെത്തുകയും ചെയ്തു. കാര്യങ്ങൾ ഹാലെ മൂറിന്റെ മാതാപിതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്താനാവണം നായ യുവതിയുടെ സഹായം തേടിയത്. 

ഈ യുവതി ഹാലിയുടെ മാതാപിതാക്കളോട് സംഭവിച്ചതെല്ലാം വ്യക്തമാക്കിയതോടെ അവർ സംഭവസ്ഥലത്തേക്കെത്തി. അവിടെയെത്തിയ മാതാപിതാക്കൾ കാണ്ടത് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ഹാലിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തുടങ്ങുന്നതാണ്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹാലെ മൂർ സുഖം പ്രാപിച്ചു വീട്ടിൽ തിരികെയെത്തി. തക്കസമയത്ത് തന്നെ രക്ഷിച്ചത് ക്ലോവറിന്റെ കരുതലാണെന്ന് യുവതിയും മാതാപിതാക്കളും ഒരേസ്വരത്തിൽ പറയുന്നു 

English Summary: Dog Saves Owner Who Had a Seizure During Walk