അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വളർത്തുനായ മേജർ വൈറ്റ് ഹൗസ് ജീവനക്കാരനെ ആക്രമിച്ചതായി റിപ്പോർട്ട്. വൈറ്റ് ഹൗസിലെ മറ്റൊരു ഉദ്യോഗസ്ഥനെ മേജർ കടിച്ചതായുള്ള വാർത്ത പുറത്തുവന്ന് ഒരുമാസം തികയും മുൻപാണ് സമാനമായ സംഭവം വീണ്ടും അരങ്ങേറിയത്. കൂടുതൽ ആളുകളുള്ള സാഹചര്യവുമായി പൊരുത്തപ്പെടാത്തതിനെ തുടർന്ന് ആദ്യത്തെ ആക്രമണത്തിനുശേഷം പ്രത്യേക പരിശീലനം നൽകുന്നതിനായി ഏതാനും ദിവസങ്ങൾ നായകളെ ഡെലാവെയറിലേക്ക് മാറ്റിയിരുന്നു.

എന്നാൽ പരിശീലനം നേടിയ ശേഷവും പുതിയ സാഹചര്യങ്ങളുമായി നായകൾ പൂർണമായി പൊരുത്തപ്പെട്ടിട്ടില്ല. വൈറ്റ് ഹൗസിലെ സൗത്ത് ലോണിൽ വച്ചാണ് ഇത്തവണ മേജർ ജീവനക്കാരനെ കടിച്ചത്. ജീവനക്കാരന് കാര്യമായ പരിക്കുകൾ ഏറ്റിട്ടില്ലെന്നും മേജർ പല്ലുകൊണ്ട് അമർത്തുക മാത്രമാണ് ചെയ്തതെന്നുമാണ് ഔദ്യോഗിക വിശദീകരണം. കടിയേറ്റ ഉടൻ തന്നെ ഉദ്യോഗസ്ഥൻ  വൈദ്യസഹായവും തേടിയിരുന്നു.

ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട മേജർ, ചാമ്പ് എന്നീ രണ്ടു നായകളാണ്  ജോ ബൈഡനും കുടുംബത്തിനുമൊപ്പം വൈറ്റ്ഹൗസിലുള്ളത്. വൈറ്റ് ഹൗസിൽ താമസിക്കുന്ന ആദ്യത്തെ റെസ്ക്യൂ ഡോഗ് കൂടിയാണ് മേജർ. ഇരു നായകളും പലവട്ടം വൈറ്റ്ഹൗസ് ജീവനക്കാരെ ആക്രമിക്കാൻ തുനിഞ്ഞതായാണ് റിപ്പോർട്ടുകൾ.

വൈറ്റ് ഹൗസിലെ എല്ലാ ജീവനക്കാരുമായും നായകൾ ഇണങ്ങാനുള്ള സമയമായിട്ടില്ലെന്ന് ജോ ബൈഡൻ പറയുന്നു. അപരിചിതരെന്ന് തോന്നുന്നവർക്കു നേരെ കുരച്ചു ചാടുന്നത് വളർത്തു നായകളുടെ പൊതുസ്വഭാവമാണ്. ഭൂരിഭാഗം ജീവനക്കാരുമായി ഇരുനായകളും ഇതിനോടകം ഇണങ്ങി കഴിഞ്ഞുവെങ്കിലും നായകളെ ഭയമുള്ളവരും വൈറ്റ് ഹൗസിലുണ്ട് . തുടക്കത്തിലെ ഈ ഭയം മാറുന്നതോടെ  നായകൾ എല്ലാവരുമായി ഇണങ്ങുമെന്നും ബൈഡൻ വ്യക്തമാക്കി.

English Summary: Joe Biden’s dog Major ‘nipped’ employee at White House