പുള്ളിപ്പുലി പിടികൂടിയ ഇരയെ തട്ടിയെടുത്ത കഴുതപ്പുലിയുടെ ദൃശ്യം കൗതുകമാകുന്നു. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽ നിന്നു പകർത്തിയതാണ് ദൃശ്യം. ചാർലെനെ സ്വേൻപോവെൽ എന്ന 43 കാരിയാണ് അപൂർവ ദൃശ്യം പകർത്തിയത്. കുടുംബവും സുഹൃത്തുക്കളുമൊത്ത് പാർക്ക് സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. വിനോദ സഞ്ചാരികൾ താമസിച്ചിരുന്ന ലെറ്റാബാ റെസ്റ്റ് ക്യാംപിനു സമീപമാണ് സംഭവം നടന്നത്.

പുലർച്ചെ സഫാരിക്കിറങ്ങിയ സംഘം വലിയ മരത്തിനു പിന്നിൽ പതുങ്ങിയിരിക്കുന്ന പുള്ളിപ്പുലിയെ കണ്ടാണ് വാഹനം നിർത്തി അതിനെ നിരീക്ഷിച്ചത്. അപ്പോഴാണ് ഒരു കൂട്ടം ഇമ്പാലകൾ അവിടേക്ക് ഓടിയെത്തിയത്. മറ്റ് ഇമ്പാലകൾ പുള്ളിപ്പുലി മറഞ്ഞിരിക്കുന്ന മരത്തിനു മുന്നിലൂടെ ഓടിയകന്നപ്പോൾ കൂട്ടത്തിൽ ഗർഭിണിയായ ഇമ്പാല വിശ്രമിക്കാനായി മരച്ചുവട്ടിൽ നിന്നു. കിട്ടിയ അവസരം പാഴാക്കാതെ പുള്ളിപ്പുലി അപ്പോൾ തന്നെ ഇമ്പാലയുടെ മേൽ ചാടിവീണു. അതിന്റെ കഴുത്തിൽ പിടിമുറുക്കി.

പിന്നാലെയെത്തിയ ഇമ്പാലകൾ അപായ സൂചന നൽകിയതോടെ സമീപത്തുണ്ടായിരുന്ന കഴുതപ്പുലി സംഭവസ്ഥലത്തേക്കെത്തി. മറ്റുജീവികളുടെ ഇരകളെ തട്ടിയെടുക്കാൻ സാമർഥ്യം കൂടുതലാണ് കഴുതപ്പുലികൾക്ക്. പ്രായമേറിയതും ഒരു കണ്ണിനു കാഴ്ചശക്തി നഷ്ടമായതുമായ പുള്ളിപ്പുലിയുടെ ഇരയെ തട്ടിയെടുക്കാൻ കഴുതപ്പുലിക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നില്ല.

കഴുതപ്പുലി തട്ടിയെടുത്ത ഇമ്പാലയെ തിരിച്ചു പിടിക്കാൻ പുള്ളിപ്പുലി പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ ഭയന്ന പുള്ളിപ്പുലി മരത്തിനു മുകളിൽ ഇടംപിടിക്കുകയും ചെയ്തു. ഇതിനിടെ മറ്റൊരു പുള്ളിപ്പുലിയും അവിടേക്കെത്തി. അതിനെയും കഴുതപ്പുലി തുരത്തി. പിടികൂടിയ ഇമ്പാല ഗർഭിണിയായിരുന്നു.

കഴുതപ്പുലിയുടെ പിടിയിൽ നിന്ന് രക്ഷപെടാൻ ഇമ്പാലയും പരിശ്രമിച്ചെങ്കിലും നടന്നില്ല. ഇമ്പാലയെ ജീവനോടെ കടിച്ചുകീറുകയായിരുന്നു. ഭക്ഷണം കഴിച്ച് അവശിഷ്ടങ്ങൾ കടിച്ചുവലിച്ച് കഴുതപ്പുലി കാട്ടിലേക്ക് മറഞ്ഞു. ഈ ദൃശ്യങ്ങൾ കണ്ടതിന്റെ അമ്പരപ്പിലാണ് വിനോദസഞ്ചാരികളും.

English Summary: Leopard & Hyena Fight over Pregnant Impala While it Tries to Run Away