തിരുവനന്തപുരം ബീമാപള്ളിയിൽ തത്തകളുടെ അനധികൃത വിൽപന വനംവകുപ്പ് പിടികൂടി. വിപണിയിൽ 1000 രൂപയോളം വില വരുന്ന 90 തത്തകളെ പിടിച്ചെടുത്തു. അലങ്കാര പക്ഷികളെ വിൽക്കുന്ന 3 കടകളിൽ നിന്നാണ് ഇവ കണ്ടെത്തിയത്. വനംവകുപ്പ് ഓഫിസിൽ എത്തിച്ച തത്തകളെ ഉൾക്കാടുകളിലേക്ക് പറത്തിവിടും. തമിഴ്‌നാട്ടിൽ നിന്നാണ് തത്തയെ എത്തിച്ചിരുന്നത്.

അലങ്കാര പക്ഷികളെ വിൽക്കുന്ന കടകളിൽ വൻതോതിൽ തത്തകളെ കൈമാറുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതെ തുടർന്നായിരുന്നു പരിശോധന. കടഉടമകൾക്ക് എതിരെ കേസെടുത്തു. ഫ്ലൈയിങ് സ്ക്വാഡ് ഡിഎഫ്ഒ ഷാനവാസ്, കൺട്രോൾറൂം റേഞ്ച് ഓഫിസർ സലീം ജോസ്, ചുള്ളിമാനൂർ റേഞ്ച് ഓഫിസർ ബ്രിജേഷ് കുമാർ, പരുത്തിപ്പള്ളി റേഞ്ച് ഓഫിസർ ഷാജി ജോസ്, ഓഫിസർമാരായ ബാബുരാജ്, ഗോപാലകൃഷ്ണൻ, ഹരികുമാർ,അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

English Summary: Illegal sale of Parrots near Beemapally