ലോകത്തിലെ ഏറ്റവും വലിയ മുയലെന്ന റെക്കോർഡിനർഹനായ ഡാരിയസിനെ കാണാനില്ല. മധ്യ ഇംഗ്ലണ്ടിലെ സ്റ്റൗൾട്ടൻ എന്ന ഗ്രാമപ്രദേശത്ത് ജീവിച്ചിരുന്ന ഈ മുയലിനെ കണ്ടെത്തി തിരിച്ചു കൊടുത്താൽ രണ്ടു ലക്ഷം രൂപയാണ് പ്രതിഫലമായി നൽകാൻ ഉടമ അനീറ്റ എഡ്വേഡ്‌സ് നിശ്ചയിച്ചിരിക്കുന്നത്. ഫ്‌ളെമിഷ് ജയന്‌റ് റാബിറ്റ് എന്ന വിഭാഗത്തിൽ പെടുന്ന മുയലാണു ഡാരിയസ്. പൊതുവേ മറ്റു മുയലുകളെ അപേക്ഷിച്ച് ശരീരവലുപ്പം വളരെ കൂടുതലാണ് ഈ വിഭാഗത്തിലെ മുയലുകൾക്ക്.

ചാരനിറത്തിൽ ബ്രൗൺ കലർന്ന നിറമുള്ള ഡാരിയസിന് നാലടി മൂന്നിഞ്ചാണ് ഉയരം. ഒൻപതു കിലോ ഭാരവുമുണ്ട്. ഏറ്റവും നീളമുള്ള മുയലിനുള്ള ഗിന്നസ് വേൾഡ് റെക്കോഡിനുടമയാണ് ഡാരിയസ്. ബ്രിട്ടനിലെ ആദ്യ ഗ്ലാമർ മോഡലും പ്രശസ്ത മുയൽ ബ്രീഡറുമാണ് ഡാരിയസിന്‌റെ ഉടമ അനീറ്റ എഡ്വേഡ്‌സ്. അനീറ്റയുടെ സ്റ്റൗൾട്ടണിലെ മുയൽവളർത്തു കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഡാരിയസിനെ ആരോ മോഷ്ടിച്ചിരിക്കാമെന്നാണു ലോക്കൽ പൊലീസിന്‌റെ പ്രാഥമിക നിഗമനം. ഡാരിയസ് ഉൾപ്പെടുന്ന ഫ്‌ളെമിഷ് ജയന്‌റ് റാബിറ്റുകളെ ആദ്യകാലത്ത് മാംസത്തിനായാണ് വളർത്തിയിരുന്നത്. 

ബെൽജിയത്തിലെ ഫ്‌ളാണ്ടേഴ്‌സിലായിരുന്നു ഇവയെ ആദ്യമായി ബ്രീഡ് ചെയ്തത്. മറ്റു മുയലുകളേക്കാൾ ശരീരത്തിൽ മാംസമുള്ള ഇവ കൃഷിക്കാരുടെ പ്രിയ നിക്ഷേപമായിരുന്നു. എന്നാൽ 300 വർഷങ്ങൾക്കിപ്പുറം നായ്ക്കളെ വളർത്തുന്നതു പോലെ ചങ്ങാത്തമൃഗങ്ങളായാണ് ഇവയെ വളർത്തുന്നത്. ചെറുമുയലുകളേക്കാൾ ശാന്തതയും പക്വതയും അനുസരണയും കാട്ടുന്ന ഇവയ്ക്ക് സെലിബ്രിറ്റികളുൾപ്പെടെ ആരാധകരുമുണ്ട്. ഒട്ടേറെ പെറ്റ് ഷോകളിൽ ഇവ പങ്കെടുക്കാറുമുണ്ട്.മറ്റു മുയലുകൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നു വ്യത്യസ്തമായി കൂടുതൽ പ്രോട്ടീൻ അടങ്ങിയ തീറ്റയാണ് ഇവയ്ക്കു ബ്രീഡർമാർ നൽകുന്നത്. 

ജനനത്തിനു ശേഷം ഒന്നരവർഷം തികയുമ്പോൾ ഇവ പൂർണ വളർച്ച കൈവരിക്കും.മറ്റു മുയലുകൾ കഴിക്കുന്നതിന്‌റെ അഞ്ചിരട്ടി ഭക്ഷണം ഇക്കാലയളവിൽ ഇവ അകത്താക്കുകയും ചെയ്യും. ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ ഗ്ലാമർ മോഡലായ അനീറ്റ എഡ്വേഡ്‌സ് 2009ലാണ് ഡാരിയസിനെ സ്വന്തമാക്കിയത്.വലിയ മുയലുകളെ ബ്രീഡ് ചെയ്യുന്നതിനു നിരവധി അവാർഡുകൾ ഈ 69 കാരിക്കു ലഭിച്ചിട്ടുണ്ട്.പത്തു കുട്ടികളും 15 പേരക്കുട്ടികളുമുള്ള അനീറ്റ പതിനഞ്ചാം വയസ്സിലാണ് തന്റെ മോഡലിങ് ജീവിതം തുടങ്ങിയത്. 

ഡാരിയസ് ജനിച്ചതിനു ശേഷം, കാർട്ടൂൺ കഥാപാത്രമായ ജെസീക്ക റാബിറ്റിനെ അനുസ്മരിപ്പിക്കുന്ന രൂപത്തിലാകാൻ നിരവധി പ്ലാസ്റ്റിക് ശസ്ത്രക്രിയകൾ അനീറ്റ ചെയ്തത് ലോകശ്രദ്ധയും ഒട്ടേറെ കോണുകളിൽ നിന്നു വിമർശനവും ക്ഷണിച്ചു വരുത്തിയിരുന്നു. ഏതായാലും ഡാരിയസിനു വേണ്ടിയുള്ള തിരച്ചിൽ ഇംഗ്ലണ്ടിൽ ഊർജിതമാണ്. ലോക്കൽ പൊലീസിനൊപ്പം നിരവധി പെറ്റ് ഡിറ്റക്ടീവുകളും അന്വേഷണത്തിൽ പങ്കു ചേർന്നിട്ടുണ്ട്. ബ്രിട്ടനിൽ വളർത്തുമൃഗങ്ങളെ മോഷ്ടിക്കുന്നത് ഗുരുതരസ്വഭാവമുള്ള കുറ്റകൃത്യമാണ്. ഏഴു വർഷം വരെ തടവും ഭീമമായ പിഴയും കുറ്റവാളികൾക്കു ലഭിക്കാൻ അവിടത്തെ നിയമം വ്യവസ്ഥ ചെയ്യുന്നു.

English Summary: World’s longest rabbit stolen from owner’s English garden