മണ്ണാർക്കാട് കോട്ടോപ്പാടം പഞ്ചായത്തിൽ വീണ്ടും പുലി ആക്രമണം. തിരുവഴാംകുന്ന് കരടിയോട്ടിലാണ് പുലി ആടിനെ കൊന്നത്. ഏതാനും ദിവസം മുൻപ് പൊതുവപ്പാടത്ത് പുലി വളർത്തു മൃഗങ്ങളെ ആക്രമിക്കുകയും നായയെ കൊണ്ടു പോകുകയും ചെയ്തിരുന്നു.  കരടിയോട് പാറപ്പുറത്ത് അലവിയുടെ ആടിനെയാണ് പുലി ആക്രമിച്ചത്. ചൊവ്വ പുലർച്ചെയാണ് സംഭവം. നാല് മണിയോടെ വീട്ടുകാർ വീടിന് പുറത്ത് വന്ന് നോക്കിയപ്പോഴാണ് പുലി ആടിനെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയത്. മൂന്ന് വയസ്സുള്ള ഗർഭിണിയായ ആടിനെയാണ് കൊന്നത്. 

കൂട്ടിൽ കെട്ടിയിട്ടതിനാൽ കൊണ്ടു പോകാൻ കഴിഞ്ഞില്ല. പകുതിയോളം തിന്ന നിലയിലാണ്. കൂട്ടിൽ വേറെയും ആടുകളുണ്ടായിരുന്നു. വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്ത് എത്തി പരിശോധന നടത്തി. കോട്ടോപ്പാടം, കുമരംപുത്തൂർ, തെങ്കര പഞ്ചായത്തുകളുടെ മലയോര പ്രദേശങ്ങളിൽ പലയിടത്തും പുലി വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നത് പതിവാണ്. 

തെങ്കര പഞ്ചായത്തിലെ ചേറുംകുളം കൽക്കടിയിൽ പുലി ആടിനെ കൊന്നതിന്റെ അടുത്ത ദിവസം വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. തിരുവിഴാംകുന്ന് ഫാമിൽ കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുലി കുടുങ്ങിയിട്ടില്ല. മലയോര മേഖലയിൽ പുലി ശല്യം രൂക്ഷമായ സാഹചര്യത്തിൽ കൂട് സ്ഥാപിച്ച് പുലിയെ പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഓരോ ദിവസം കഴിയുംതോറും പുലിപ്പേടി കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണ്.

English Summary: Fear Grips Palakkad's Mannarkkad As Leopard Attacks Domestic Animals